സാൻഫ്രാൻസിസ്‌കോ: യുഎസ് സംസ്ഥാനമായ നെവാഡയിൽ നടക്കുന്ന ബേണിംഗ് മാൻ ഉത്സവത്തിനായി മരഭൂമിയിൽ തമ്പടിച്ചവർ അപ്രതീക്ഷിത മഴയിൽ കുടുങ്ങി. 70,000 ത്തിലധികം പേരാണ് തിരിച്ചു പോരാനാകാതെ കുടുങ്ങിയത്. മഴ പെയ്തതോടെ ഇവിടെ ചെളി നിറഞ്ഞതിനാൽ ഇവരുടെ വാഹനങ്ങൾക്ക് മടങ്ങാനാകാത്ത സ്ഥിതിയാണ്.
ഓഗസ്റ്റ് 28 മുതൽ സെപ്റ്റംബർ 4 വരെ ആയിരുന്നു ബേണിംഗ് മാൻ ഉത്സവം. വെള്ളിയാഴ്ച മുതൽ ശനിയാഴ്ച വരെ പെയ്ത മഴയാണ് സംഘാടകരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചത്. 0.8 ഇഞ്ച് മഴയാണ് പെയ്തിറങ്ങിയത്. സാധാരണയായി മൂന്ന് മാസം കൊണ്ട് ലഭിക്കുന്ന മഴയുടെ അളവാണിത്. നെവാഡയിലെ ബ്ലാക്ക് റോക്ക് ഡെസേർട്ടിലായിരുന്നു പരിപാടി. മഴ പെയ്തതോടെ ചെളിയിൽ വാഹനങ്ങൾ തിരിച്ചുപോകാനാകാതെ കുടുങ്ങുകയായിരുന്നു. ഇറങ്ങി നടന്നാൽ പോലും മണ്ണ് കുതിർന്ന് കിടക്കുന്നതിനാൽ മുട്ടറ്റം ചെളിയിൽ പുതയുന്ന സാഹചര്യമാണ്.
ചെളി നിറഞ്ഞതോടെ സംഘാടകർ ഇവിടേക്കുളള റോഡുകൾ ക്ലോസ് ചെയ്തു. പരിപാടിയിൽ പങ്കെടുക്കാനെത്തിയവർക്ക് ടെന്റുകളിൽ താൽക്കാലിക താമസം ഉൾപ്പെടെ ലഭ്യമാക്കിയിട്ടുണ്ടെന്നാണ് വിവരം. ഡ്രോൺ ഉപയോഗിച്ച് പ്രദേശത്തെ സ്ഥിതിഗതികൾ അധികൃതർ നിരീക്ഷിച്ചുവരികയാണ്. വാഹനങ്ങൾ നീക്കാൻ ശ്രമിക്കുന്നതും ചെളിയിൽ പുതഞ്ഞ് തെന്നിമാറുന്നതും ഡ്രോൺ പകർത്തിയ ദൃശ്യങ്ങളിൽ കാണാം.
ക്യാമ്പിൽ കുടുങ്ങിക്കിടക്കുന്നവർക്ക് ഭക്ഷണം, വൈദ്യസഹായം, വൈഫൈ മൊബൈൽ ടവറുകൾ എന്നിവയെല്ലാം ലഭ്യമാക്കാൻ ഉള്ള സജ്ജീകരണങ്ങൾ ചെയ് തിട്ടുണ്ട്. റോഡുകൾ തിങ്കളാഴ്ച തുറക്കാൻ സാധിക്കുമെന്നാണ് അധികൃതർ കരുതുന്നത്.എങ്കിലും വെള്ളം ഒഴുകിപ്പോകാതെ നിൽക്കുന്നതും മഴ വീണ്ടും പെയ്യുന്നതും രക്ഷാപ്രവർത്തനങ്ങളെ ദുഷ്‌കരമാക്കുന്നു. ഒരാൾക്ക് മരണം സംഭവിച്ചതായും റിപ്പോർട്ടുകളുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല.
കാലാവസ്ഥ മെച്ചപ്പെടുന്നത് അനുസരിച്ചാകും റോഡുകൾ വീണ്ടും തുറക്കുകയെന്ന് സംഘാടകർ അറിയിച്ചു. കൈയ്യിലുളള ഭക്ഷണവും മറ്റും പങ്കിട്ട് കഴിച്ചാണ് പലരും കഴിയുന്നത്. പ്രതിസന്ധി കൂടുതൽ സമയം നീണ്ടാൽ ഇവരുടെ അതിജീവനവും പ്രതിസന്ധിയിലാകും. 72000 ത്തോളം ആളുകളെങ്കിലും ഇവിടെ ഇവിടെ ഉണ്ടാകുമെന്നാണ് കരുതുന്നത്.












