ഇസ്ലാമാബാദ് : പാകിസ്താനില്‍ വീണ്ടും ദുരഭിമാനക്കൊല. വ്യഭിചാരം ആരോപിച്ച് ആദിവാസി യുവതിയെ ഭര്‍ത്താവും രണ്ട് സഹോദരന്മാരും ചേര്‍ന്ന് പീഡിപ്പിച്ച ശേഷം കല്ലെറിഞ്ഞ് കൊന്നു. സെപ്തംബര്‍ ഒന്നിനാണ് സംഭവം. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ രാജന്‍പൂര്‍ ജില്ലയില്‍ അല്‍കാനി ഗോത്രത്തില്‍ പെട്ട ആദിവാസി സ്ത്രീയെയാണ് വ്യഭിചാരം ആരോപിച്ച് കുടുംബം ക്രൂരമായ പീഡനത്തിന് ശേഷം കൊലപ്പെടുത്തിയത്. പ്രതികള്‍ക്കെതിരെ മിലിട്ടറി പോലീസ് കേസ് രജിസറ്റര്‍ ചെയ്തിട്ടുണ്ട്.
യുവതിയെ മരത്തില്‍ കെട്ടിയിട്ട ശേഷം ക്രൂരമായി പീഡിപ്പിക്കുകയും കല്ലെറിഞ്ഞു കൊല്ലുകയുമായിരുന്നു. കൂടാതെ കല്ലുകളും കമ്പുകളും ഉപയോഗിച്ച് പ്രതികള്‍ യുവതിയുടെ തലയോട്ടി തകര്‍ത്തതായും പോലീസ് പറഞ്ഞു. പ്രതികള്‍ നിലവില്‍ ഒളിവിലാണ്.
നേരത്തെയും യുവതിക്കെതിരെ നിരവധി തവണ ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. രണ്ട് വര്‍ഷം മുന്‍പേ തന്റെ നിരപരാധിത്വം തെളിയിക്കുന്നതിനായി ചില ഗോത്ര ആചാരങ്ങള്‍ക്കും ഇവര്‍ വിധേയമായിട്ടുണ്ട്. ഔസ് എന്നുള്ള അഗ്നി വിചാരണയും ഔഫ് എന്ന ജല വിചാരണയുമാണ് അവര്‍ നേരിട്ടത്. ഇതില്‍ ഔസ് വിചാരണയെ അവര്‍ മറികടന്നിരുന്നു. എന്നാല്‍ യുവതിയിന്‍മേലുള്ള ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും സംശയങ്ങള്‍ തീര്‍ന്നിരുന്നില്ല. ഇതിന്റെ പേരിലാണ് യുവതിയെ വീണ്ടും അതി ക്രൂര പീഢനത്തിനിരയാക്കിയതും കൊല ചെയ്തതും.
അതേസമയം, ഇത്തരം ക്രൂര കൃത്യങ്ങള്‍ പാക്കിസ്താനില്‍ ഒറ്റപ്പെട്ട സംഭവമല്ല. പ്രതിവര്‍ഷം ആയിരത്തിലധികം സ്ത്രീകളാണ് ദുരഭിമാനത്തിന്റെ പേരില്‍ രാജ്യത്ത് കൊല ചെയ്യപ്പെടുന്നത്. മിക്ക കേസുകളിലും അടുത്ത കുടുംബക്കാര്‍ തന്നെയാകും പ്രതികള്‍. എന്നാല്‍ ഈ പ്രതികളില്‍ പലരും ശിക്ഷിക്കപ്പെടാറില്ലെന്നും പാകിസ്താനില്‍ മനുഷ്യാവകാശ സംഘടനകള്‍ വ്യക്തമാക്കുന്നു.
Discussion about this post