തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ഇഡി മുൻപിൽ ഹാജരാകുമെന്ന് മുൻ മന്ത്രി എ.സി മൊയ്തീൻ. ഇഡി ആവശ്യപ്പെട്ട ദിവസം തന്നെ ഹാജരാകും. അന്വേഷണ സംഘം ആവശ്യപ്പെട്ട രേഖകളും ഹാജരാക്കുമെന്നും എസി മൊയ്തീൻ വ്യക്തമാക്കി.
ഈ മാസം 11 ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ഇഡിയുടെ നിർദ്ദേശം. ഇതുമായി ബന്ധപ്പെട്ട് മൊയ്തീന് നോട്ടീസും നൽകിയിട്ടുണ്ട്. കൊച്ചിയിലെ ഇഡി ആസ്ഥാനത്ത് ഹാജരാകാനാണ് നിർദ്ദേശം. ഹാജരാകുമ്പോൾ നികുതി അടച്ചതിന്റെ രേഖകളും ഹാജരാക്കണമെന്ന് അറിയിച്ചിരുന്നു. നികുതി അടച്ചതുമായി ബന്ധപ്പെട്ട രേഖകൾ ലഭിച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു കഴിഞ്ഞ തവണ ചോദ്യം ചെയ്യലിൽ നിന്നും മൊയ്തീൻ ഒഴിഞ്ഞു മാറിയത്.
ഓണം അവധി ആയതിനാൽ രേഖകൾ കിട്ടില്ലെന്ന് ആയിരുന്നു മൊയ്തീൻ ഇഡിയെ അറിയിച്ചത്. എന്നാൽ പുതുപ്പള്ളി തിരഞ്ഞെടുപ്പിനെ കേസ് ബാധിക്കുമെന്ന ഭയത്തെ തുടർന്നാണ് ഹാജരാകാതെ ഇരുന്നത് എന്നാണ് സൂചന. കഴിഞ്ഞ മാസം 31 നും ഈ മാസം മൂന്നിനും ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ആയിരുന്നു ഇഡി നോട്ടീസ് നൽകിയിരുന്നത്. എന്നാൽ രണ്ട് തവണയും ഹാജരായില്ല. ഇതേ തുടർന്നാണ് മൂന്നാമതും നോട്ടീസ് നൽകിയത്.
ബിനാമികൾക്ക് വായ്പ നൽകാൻ മൊയ്തീൻ നിർദ്ദേശം നൽകിയെന്നാണ് ഇഡിയുടെ കണ്ടെത്തൽ. ഇതിന്റെ വിശദാംശങ്ങൾ അറിയുന്നതിനാണ് ഇഡി ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്.












