ആറന്മുള: ചരിത്ര പ്രസിദ്ധമായ ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ ഇന്ന് നടക്കും. ആറന്മുള ക്ഷേത്രത്തിൽ വള്ളസദ്യയ്ക്ക് വേണ്ടിയുള്ള ഒരുക്കങ്ങൾ പൂർത്തിയായി. പള്ളിയോടക്കാരും ഭക്തരും ഉൾപ്പെടെ നിരവധിപേർ പങ്കെടുക്കും. 351 പറ അരിയുടെ സദ്യയാണ് ഒരുക്കുന്നത്. 67ലധികം വിഭവങ്ങളും സദ്യയിൽ വിളമ്പും. 52 കരയിൽ നിന്നുള്ള തുഴച്ചിൽകാർ ഉൾപ്പെടെ ഒരു ലക്ഷത്തിലധികം പേരെയാണ് സദ്യയിൽ പ്രതീക്ഷിക്കുന്നത്.
രാവിലെ പതിനൊന്നരയോടെ വിവിധ കരകളിലെ പള്ളിയോടങ്ങൾ പമ്പാ നദിയിൽ ജലഘോഷയാത്ര നടത്തിയതിന് ശേഷം നയമ്പുകളുമായി വഞ്ചിപ്പാട്ടിന്റെ അകമ്പടിയോടെ ക്ഷേത്രത്തിന് പ്രദക്ഷിണം വയ്ക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ ഭദ്രദീപം കൊളുത്തി വള്ളസദ്യ ഉദ്ഘാടനം ചെയ്യും. ഉച്ചപൂജ കഴിഞ്ഞാണ് മതിൽക്കകത്ത് സദ്യ വിളമ്പുന്നത്.
ഇന്നലെ ഉച്ചയോടെ പാരമ്പര്യ ആചാരപ്രകാരം കാഞ്ഞിരപ്പള്ളി ചേനപ്പാടിയിൽ നിന്ന് 1500 ലിറ്റർ പാളത്തൈരുമായി എത്തിയ ഭക്തസംഘത്തിന് പാർത്ഥസാരഥി ക്ഷേത്രത്തിൽ സ്വീകരണം നൽകിയിരുന്നു. ആറന്മുള, തോട്ടപ്പുഴശ്ശേരി, മല്ലപ്പുഴശ്ശേരി, നാരങ്ങാനം എന്നിവിടങ്ങളിൽ നിന്നുള്ള കൃഷിഭവനുകളുടേയും കർഷകരുടേയും സഹായത്തോടെ വിളയിച്ച വിഷരഹിത പച്ചക്കറികളാണ് വള്ളസദ്യയ്ക്ക് ഉപയോഗിക്കുന്നത്.
Discussion about this post