കാഠ്മണ്ഡു: ബോഡി ബിൽഡിങ്ങ് അന്താരാഷ്ട്ര മത്സരത്തിൽ രാജ്യത്തിന് അഭിമാനമായി വീണ്ടും ആലപ്പുഴ ചുങ്കം സ്വദേശി അമൽ എ.കെ. നേപ്പാളിൽ നടന്ന ഏഷ്യൻ ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പിൽ അത്‌ലറ്റിക് ഫിസിക് വിഭാഗത്തിൽ മത്സരിച്ച അമൽ വെങ്കല മെഡൽ സ്വന്തമാക്കിയാണ് വീണ്ടും രാജ്യത്തിന് അഭിമാനമായത്.
ജൂലൈയിൽ മാലിദ്വീപിൽ നടന്ന സൗത്ത് ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ അമൽ സ്വർണം നേടിയിരുന്നു. ആലപ്പുഴ രാമവർമ്മ ക്ലബ്ബിലെ ജിംനേഷ്യത്തിലാണ് അമൽ പരിശീലനം നടത്തുന്നത്. ഇവിടുത്തെ ട്രെയിനർ കൂടിയാണ് അമൽ. 167 സെ.മി അത്‌ലറ്റിക് ഫിസിക് വിഭാഗത്തിലാണ് മത്സരിക്കുന്നത്.
ബോഡി ബിൽഡിങ് ആന്റ് ഫിറ്റ്‌നസ് അസോസിയേഷൻ ഓഫ് ആലപ്പുഴ ഉൾപ്പെടെ അമലിന്് അഭിനന്ദനങ്ങൾ അറിയിച്ചു. അമൽ ഉൾപ്പെടെ അഞ്ച് പേരാണ് ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടിയത്. അവിടെ നിന്നാണ് അമൽ വെങ്കല മെഡൽ നേടിയത്.
രാജ്യാന്തര മത്സരങ്ങൾക്ക് സുമനസുകളുടെ സഹായം തേടിയുളള അമലിന്റെ വാർത്ത പുറത്തുവന്നതോടെയാണ് ഈ കായികതാരത്തെ കൂടുതൽ പേർ അറിഞ്ഞത്. മത്സരങ്ങളിൽ പങ്കെടുക്കാൻ സർക്കാർ സ്‌പോൺസർഷിപ്പ് വേണമെന്ന് അമൽ ആവശ്യപ്പെട്ടിരുന്നെങ്കിലും ലഭ്യമായിട്ടില്ല. ജിമ്മിലെ പരിശീലനത്തിനും ട്രെയിനിങ് സമയത്തിന് ശേഷം കൂലിപ്പണിക്ക് പോയാണ് അമൽ മത്സരത്തിനുളള ചിലവുകൾ കണ്ടെത്തുന്നത്. ഭാര്യയും ഒരു മകളുമുണ്ട്.
Discussion about this post