കാബൂൾ :അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിച്ചെടുത്ത് രണ്ടു വർഷം പിന്നിടുമ്പോൾ സ്ത്രീകൾക്ക് സഞ്ചാരസ്വാതന്ത്ര്യവും മറ്റ് അവകാശങ്ങളും നിഷേധിക്കുന്നത് തുടർക്കഥയാവുന്നു. 2021ൽ ഭരണം പിടിച്ചടക്കിയ ശേഷം ഏകദേശം അൻപതോളം ഉത്തരവുകളാണ് സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന് വിലങ്ങിട്ട് താലിബാൻ പുറപ്പെടുവിച്ചത്. ഇതേ തുടർന്ന് വലിയ പ്രതിസന്ധിയിലാണ് രാജ്യത്തെ സ്ത്രീകൾ.
പെൺകുട്ടികൾ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ പോകുന്നതും സ്ത്രീകൾക്ക് തൊഴിൽ ചെയ്യുന്നതിനും നേരത്തെ വിലക്കേർപ്പെടുത്തിയിരുന്നു. പൊതുസ്ഥലങ്ങളിൽ സ്ത്രീകൾ യാത്ര ചെയ്യുന്നതും സംഘം ചേരുന്നതും വിലക്കിയും ഹിജാബ് ധരിച്ചു മാത്രമേ നടക്കാവൂ എന്നും ഉത്തരവ് വന്നു. കൂടാതെ പാർക്കുകൾ, ജിമ്മുകൾ എന്നിവയിലെ പ്രവേശനത്തിനും സ്ത്രീകൾക്ക് വിലക്കുണ്ട്.
ഇത്തരം വിലക്കുകളെ തുടർന്ന് സ്ത്രീകളുടെ ജീവിതം ദുരിതത്തിലാണെന്നാണ് അഫ്ഗാനിലെ ന്യൂസ് ഏജൻസിയായ ഖാമ പ്രസ്സ് വെളിപ്പെടുത്തുന്നത്. രാജ്യത്തെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും സാമൂഹികജീവിതം പരിതാപകരമായ അവസ്ഥയിലാണ്. അന്താരാഷ്ട്രതലത്തിൽ താലിബാന്റെ കിരാത നിയമങ്ങൾക്കെതിരെ വൻ പ്രതിഷേധം ഉയരുന്നുണ്ട്. എന്നാൽ തങ്ങൾ നടപ്പിലാക്കിയ നിയമങ്ങളിലൂടെ രാജ്യത്തെ സ്ത്രീകളുടെ ജീവിതനിലവാരം ഉയരുകയാണ് ചെയ്തത് എന്നാണ് താലിബാൻ നേതാവ് ഹിബത്തുള്ള അഖുൻസാദയുടെ അവകാശവാദം. ഇസ്ലാമിക മതനിയമങ്ങൾ പാലിച്ചു രാജ്യത്തെ നയിക്കേണ്ടത് തങ്ങളുടെ കടമയാണെന്നും അഖുൻസാദ വ്യക്തമാക്കുന്നു.
സ്വയം പര്യാപ്തരായി ജീവിച്ചിരുന്ന പല സ്ത്രീകളും നിസ്സഹായരായി ജീവിക്കേണ്ടി വന്ന കഥകൾ ഖാമ ന്യൂസ് പങ്കു വെച്ചിരുന്നു. ബ്യൂട്ടി സലൂണിൽ ജോലി ചെയ്തിരുന്ന റാണ ഷെരീഫിയുടേതാണ് അതിലൊന്ന്. സലൂണിൽ തനിക്കുണ്ടായിരുന്ന വരുമാനം കൊണ്ടു ജീവിയ്ക്കാനും ഭാവിയിലെ ആവശ്യങ്ങൾക്കായി നീക്കി വെക്കാനും സാധിച്ചിരുന്നതായി ഖാമ ന്യൂസിനോട് റാണ പ്രതികരിക്കുന്നുണ്ട്. എന്നാൽ ഇന്ന് വീട്ടിലെ പുരുഷന്മാർക്ക് മുൻപിൽ കൈ നീട്ടി നിൽക്കേണ്ട അവസ്ഥയിൽ ആണ്. അവർ അത് നിരസിക്കുകയാണ് പതിവ്. ഈ അപമാനം നിറഞ്ഞ അവസ്ഥ ബോധപൂർവം വരുത്തിയതാണ് എന്നും റാണ പറയുന്നു.
അതേസമയം ആഗോളതലത്തിൽ കടുത്ത ഉപരോധവും ഫണ്ട് വെട്ടിക്കുറയ്ക്കലും അഫ്ഗാൻ നേരിടുന്നുണ്ട്. ശൈശവ വിവാഹവും മാതൃമരണനിരക്കും രാജ്യത്ത് വർദ്ധിച്ചിട്ടുണ്ട്. വീടിനുള്ളിൽ പോലും സ്ത്രീകൾ കടുത്ത പീഡനം നേരിടേണ്ടി വരുന്നു. ആത്മഹത്യയും പട്ടിണിമരണവും വർദ്ധിച്ചു. സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾക്ക് പ്രാധാന്യം നൽകണമെന്ന അന്താരാഷ്ട്രതലത്തിൽ ഉള്ള യാതൊരു ആവശ്യങ്ങളും താലിബാൻ പരിഗണിക്കുന്നില്ല. തങ്ങളുടെ രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ മറ്റു രാജ്യങ്ങൾ ഇടപെടരുത് എന്നാണ് അവർ ആവശ്യപ്പെടുന്നത്.
Discussion about this post