ഇസ്ലാമാബാദ്: പാകിസ്താനിലെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തി താലിബാൻ ഭീകരർ. നാല് സൈനികർ കൊല്ലപ്പെട്ടു. ഖൈബർ പക്തുൻക്വ പ്രവിശ്യയിലെ അതിർത്തി മേഖലകളിൽ സ്ഥിതി ചെയ്യുന്ന സൈനിക കേന്ദ്രങ്ങളാണ് താലിബാൻ ഭീകരർ ആക്രമിച്ചത്.
രണ്ട് സൈനിക കേന്ദ്രങ്ങൾക്ക് നേരെയാണ് ഭീകരാക്രമണം ഉണ്ടായത്. ചിത്രാൽ ജില്ലയിലെ ഓസ്തായി, ജൻജീർത്ത് കോഹ് എന്നിവിടങ്ങളിലെ കേന്ദ്രങ്ങളായിരുന്നു ആക്രമിച്ചത്. മാരകായുധങ്ങളും സ്‌ഫോടക വസ്തുക്കളുമായി എത്തി കേന്ദ്രങ്ങൾ ആക്രമിക്കുകയായിരുന്നുവെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നാല് ഹെലികോപ്റ്ററുകളിലായി സൈന്യം എത്തിയാണ് പിന്നീട് ഭീകരരെ പ്രതിരോധിച്ചത്. അപ്പോഴേക്കും സൈനിക കേന്ദ്രങ്ങൾ പൂർണമായി തകർന്നിരുന്നു.
ആക്രമണത്തിൽ നിരവധി സൈനികർക്കാണ് പരിക്കേറ്റത്. 12 ഓളം ഭീകരരെ വധിച്ചതായി പാകിസ്താൻ സൈന്യവും അവകാശപ്പെടുന്നുണ്ട്. ആക്രമണം വലിയ വാർത്തയായതോടെ ഉത്തരവാദിത്വം തെഹരീക് ഇ താലിബാൻ ഏറ്റെടുക്കുകയായിരുന്നു.











