മുംബൈ : മഹാരാഷ്ട്രയില്‍ ജാവലിന്‍ തലയില്‍ തുളച്ചുകയറി സ്‌കൂള്‍ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. ഹുജേഫ ദവാരെ എന്ന പതിനഞ്ചുകാരനാണ് മരിച്ചത്.
ബുധനാഴ്ച ഉച്ചയ്ക്കു ശേഷം റായ്ഗഡില്‍ പരിശീലനത്തിനിടെ മറ്റൊരു വിദ്യാര്‍ഥി എറിഞ്ഞ ജാവലിന്‍ ഹുജേഫയുടെ തലയില്‍ തുളച്ചുകയറുകയായിരുന്നു.
പരിശീലനത്തിന്റെ സമയത്ത് ഒരു ജാവലിന്‍ എറിഞ്ഞ ശേഷം നിലത്തിരുന്ന് ഷൂ ലേസ് കെട്ടി എഴുന്നേല്‍ക്കുന്നതിനിടെയാണു വിദ്യാര്‍ഥിയുടെ തലയില്‍ ജാവലിന്‍ കൊണ്ടത്. മറു ഭാഗത്ത് നിന്ന വിദ്യാര്‍ഥികളിലാരോ ജാവലിന്‍ തിരിച്ച് ഹുജേവയ്ക്ക് എറിഞ്ഞ് നല്‍കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാലിത് ഹുജേഫ കണ്ടിരുന്നില്ല. ഇതാണ് അപകടം ഉണ്ടാകാന്‍ കാരണം.
താലൂക്ക് തല കായിക മത്സരത്തിനെത്തിയ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പരിശീലിക്കുമ്പോഴാണ് അപകടമുണ്ടായതെന്ന് ഗോര്‍ഗാവ് അസിസ്റ്റന്റ് പൊലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീകൃഷ്ണ നവാലെ വ്യക്തമാക്കി. ജാവലിന്‍ എറിഞ്ഞ വിദ്യാര്‍ഥിയെ കണ്ടെത്താനായി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
Discussion about this post