ന്യൂഡൽഹി: ജി 20 ഉച്ചകോടി ആരംഭിക്കാനിരിക്കുമ്പോൾ അതിഥികളായി എത്തുന്ന രാഷ്ട്രത്തലവന്മാർക്കും മറ്റുള്ളവർക്കും നൽകുന്ന ഭക്ഷണം വിളമ്പാൻ ഒരുക്കുന്ന പാത്രങ്ങളും പ്രത്യേകതകൾ കൊണ്ട് ശ്രദ്ധിക്കപ്പെടുന്നു.ഭാരതീയ സാംസ്കാരിക പാരമ്പര്യം വിളിച്ചോതുന്ന തരം പാത്രങ്ങൾ ആണ് ഇതിനായി കരകൗശല വിദഗ്ധർ രൂപകല്പന ചെയ്തിരിക്കുന്നത്.സ്വർണ്ണവും വെള്ളിയും പൂശിയ പാത്രങ്ങൾ ഇതിനായി ഒരുക്കിയിരിക്കുന്നു.മനോഹരമായി കൊത്തുപണികൾ ചെയ്താണ് ഇവ നിർമ്മിച്ചിരിക്കുന്നത്.
ജയ്പൂർ ആസ്ഥാനമായുള്ള ഐറിസ് ജയ്പൂർ ആണ് ഇതിൻ്റെ നിർമ്മാണവും വിതരണവും ഏറ്റെടുത്തിരിക്കുന്നത്. അൻപതിനായിരം മണിക്കൂർ ജോലി സമയം എടുത്താണ് പതിനയ്യായിരം വെള്ളിപ്പാത്രങ്ങൾ ഇരുന്നൂറ് കരകൗശല വിദഗ്ദ്ധർ നിർമ്മിച്ചെടുത്തത് എന്ന് അവർ അവകാശപ്പെട്ടു.ഉച്ചകോടിയുടെ പ്രൗഢിക്കും പ്രാധാന്യത്തിനും അനുസരിച്ച രീതിയിലാണ് തങ്ങൾ നിർമ്മാണം നടത്തിയിരിക്കുന്നത്.നമ്മുടെ സമ്പന്നമായ പാചക പൈതൃകം ലോകനേതാക്കൾക്ക് മുന്നിൽ അവതരിപ്പിക്കപ്പെടുന്നത് സംസ്കാരവും കലയും ഒത്തുചേർന്ന ആതിഥ്യമര്യാദയോടെ ആയിരിക്കണം.അതിനായി ഒരുക്കിയിരിക്കുന്ന പാത്രങ്ങൾ വെറും ലോഹം മാത്രമല്ല അത് ഭാരതത്തിൻ്റെ ആത്മാവിൻ്റെ പ്രതിഫലനം കൂടി ആയിരിക്കുമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ രാജീവ് പബുവാൾ അറിയിച്ചു.
അതിഥികൾ താമസിക്കുന്ന ഐടിസി താജ് മുതലായ പതിനൊന്ന് ഹോട്ടലുകളിലേക്ക് പാത്രങ്ങൾ അയച്ചു കഴിഞ്ഞതായും പബുവാൾ അറിയിച്ചു.മുൻപ് ബരാക് ഒബാമ രാജ്യം സന്ദർശിച്ചപ്പോഴും പാത്രങ്ങൾ നിർമ്മിച്ചു നൽകിയത് ഈ കമ്പനി തന്നെ ആയിരുന്നു.അന്ന് അവയെല്ലാം ഒബാമയുടെ പ്രശംസ പിടിച്ചു പറ്റിയിരുന്നു എന്നും ചിലത് സ്വീകരിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
മാംസാഹാരം തീർത്തും ഒഴിവാക്കിയുള്ള വിഭവങ്ങൾ ആണ് അതിഥികൾക്കായി ഒരുക്കുന്നത്.പരമ്പരാഗത വിഭവങ്ങളും പ്രാദേശിക വിഭവങ്ങളും ഇതിനായി പ്രത്യേകം പാചകം ചെയ്യും.2023 നെ മില്ലറ്റ് ഓഫ് ദ ഇയർ ആയി അവതരിപ്പിക്കുന്നതിനാൽ തന്നെ മില്ലറ്റ് വിഭവങ്ങൾക്ക് ആയിരിക്കും കൂടുതൽ പ്രാധാന്യം.സപെഷ്യൽ മില്ലറ്റ് താലി,മില്ലറ്റ് പുലാവ്,മില്ലറ്റ് ഇഡ്ഡലി എന്നിവയ്ക്ക് മെനുവിൽ പ്രത്യേകം സ്ഥാനമുണ്ട്.രാജസ്ഥാനിലെ ബത്തി ചുർമ,ബംഗാളി രസഗുള ,ദക്ഷിണേന്ത്യൻ മസാലദോശ,ബിഹാറിലെ ലിറ്റി ചോക്ക തുടങ്ങിയ വിഭവങ്ങളും ഒരുക്കുന്നു.കൂടാതെ ഇന്ത്യൻ സ്ട്രീറ്റ് ഫുഡിൻ്റെ പ്രധാനകേന്ദ്രമായ ഓൾഡ് ഡൽഹിയിലെ ചാന്ദ്‌നി ചൗക്കിൽ നിന്നുള്ള വിഭവങ്ങളും ഉണ്ടായിരിക്കും.
Discussion about this post