ന്യൂഡൽഹി:ലോകനേതാക്കളെ സ്വാഗതം ചെയ്തു നാളെ ജി 20 ഉച്ചകോടി ആരംഭിക്കാനിരിക്കെ ഏറ്റവും വലിയ ശ്രദ്ധാകേന്ദ്രമാവുകയാണ് ഭാരതമണ്ഡപത്തിൽ സ്ഥാപിച്ചിരിക്കുന്ന നടരാജവിഗ്രഹം. 28 അടി ഉയരവും 18 ടൺ ഭാരവും ഉള്ള വിഗ്രഹം ചോളകാലഘട്ടത്തിലെ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് നിർമ്മിച്ചത്. വെള്ളിയാഴ്ച ട്വിറ്ററിൽ നടരാജവിഗ്രഹം തൻ്റെ കവർചിത്രമാക്കിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ചരിത്രസംഭവമാകാൻ പോകുന്ന ജി 20 ഉച്ചകോടിയിൽ പ്രദർശിപ്പിക്കുന്ന ഏറ്റവും ഉയരം കൂടിയ ഈ നടരാജവിഗ്രഹം ഇന്ത്യൻ മണ്ണിൽ നടക്കുന്ന സമ്മേളനത്തിൻ്റെ മഹത്വത്തിൻ്റെ പ്രതീകമായിരിക്കുമെന്ന് മുൻപ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചിരുന്നു.
തമിഴ്‌നാട്ടിലെ തഞ്ചാവൂർ ജില്ലയിൽ നിന്നുള്ള ശിൽപ്പികളാണ് വിഗ്രഹത്തിൻ്റെ നിർമ്മാണം നടത്തിയത്. അഷ്ടധാതുക്കൾ കൊണ്ടു വിഗ്രഹം നിർമ്മിക്കാൻ ഏകദേശം ഏഴുമാസം സമയമെടുത്തു. ചോളകാലഘട്ടം മുതൽ വിഗ്രഹനിർമ്മാണത്തിൽ പാരമ്പര്യമുള്ള സ്ഥപതികൾ ആണ് വിഗ്രഹത്തിൻ്റെ നിർമ്മാണം ഏറ്റെടുത്തത്. പാരമ്പര്യവും ആധുനികതയും സമന്വയിപ്പിച്ചാണ് തങ്ങൾ നിർമ്മാണം നടത്തിയത് എന്ന് അവർ പറഞ്ഞു. കാവേരി നദി സ്വാമിമലയിൽ എത്തുന്ന പ്രദേശത്തു നിന്നുള്ള ഏറെ പ്രത്യേകതകൾ നിറഞ്ഞ കളിമണ്ണാണ് നിർമ്മാണത്തിൻ്റെ പ്രധാനഘടകമെന്നും അവർ അറിയിച്ചു.
ചോളകാലത്താണ് നടരാജരൂപം തമിഴ്‌നാട്ടിൽ രാജകീയതയുടെ പ്രതീകമായി മാറിയത്. ദക്ഷിണേന്ത്യയിലെ പല ക്ഷേത്രങ്ങളിലും കല്ലിലോ ലോഹത്തിലോ ഈ രൂപം കൊത്തി വെച്ചിട്ടുണ്ട്.പ്രകൃതിയിലെ എല്ലാ ചലനങ്ങളുടെയും ഉറവിടമായിട്ടാണ് ശിവൻ്റെ നടരാജരൂപത്തെ കാണുന്നത്. ശിവതാണ്ഡവം പ്രകൃതിയുടെ ലയനത്തിൻ്റെയും പ്രതീകമാണ്. സൃഷ്ടിയും സ്ഥിതിയും സംഹാരവും ഇത് ഉൾക്കൊള്ളുന്നു.
നാലു കൈകളും ഇരുവശത്തേക്കും പറക്കുന്ന മുടിയിഴകളും ചേർന്നതാണ് നടരാജവിഗ്രഹത്തിൻ്റ രൂപം. മുകളിലെ വലതുകയ്യിൽ ഡമരുവും ഇടതുകയ്യിൽ അഗ്നിയും പിടിച്ചിരിക്കുന്നു. താഴത്തെ വലതുകയ്യിൽ അഭയമുദ്രയാണ് പിടിച്ചിരിക്കുന്നത്. ഇടതു കൈ താഴേക്ക് പാദത്തിലേക്കും ചവിട്ടിപ്പിടിച്ചിരിക്കുന്ന അസുരനിലേക്കും ചൂണ്ടിക്കാണിക്കുന്നു. കഴുത്തിലും കൈത്തണ്ടയിലും ഉള്ള സർപ്പം,ഒഴുകുന്ന ഗംഗാജലം,വലതുകാതിൽ പുരുഷൻ്റെ കുണ്ഡലം, ഇടതുകാതിൽ സ്ത്രീയുടെ കമ്മൽ,ചുറ്റുമുള്ള പ്രഭാവലയം എന്നിവയും നടരാജവിഗ്രഹത്തിൻ്റെ പ്രത്യേകതകളാണ്.ഇത് അർദ്ധനാരീശ്വരരൂപത്തെ സൂചിപ്പിക്കുന്നു.
Discussion about this post