മണർകാട്; വികസനം ചർച്ചയാക്കിയ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസിനെ സ്വന്തം ബൂത്ത് പോലും കൈവിട്ടു. ജെയ്ക്ക് വോട്ട് രേഖപ്പെടുത്തിയ ബൂത്തിൽ ചാണ്ടി ഉമ്മന് 146 വോട്ടുകളാണ് അധികം ലഭിച്ചത്.
മണർകാട് കണിയാൻകുന്ന് എൽപി സ്‌കൂളിലായിരുന്നു ജെയ്ക്കിന്റെ വോട്ട്. 484 വോട്ടുകൾ ഇവിടെ ചാണ്ടി ഉമ്മന് ലഭിച്ചപ്പോൾ ജെയ്ക്കിന് ലഭിച്ചത് 338 വോട്ടുകൾ മാത്രം. വികസനം ചർച്ചയാക്കിയ സ്ഥാനാർത്ഥിക്ക് സ്വന്തം ബൂത്തിൽ പോലും പിന്തുണ ലഭിച്ചില്ലെന്നത് സിപിഎമ്മിന്റെ സമീപകാല തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടായി മാറിയിരിക്കുകയാണ്.
മന്ത്രി വി.എൻ വാസവന്റെ ബൂത്തിലും ജെയ്ക്കിന് മുൻപിലെത്താനായില്ല. പാമ്പാടി എംജിഎം ഹയർ സെക്കൻഡറി സ്‌കൂളിലായിരുന്നു വി.എൻ വാസവൻ വോട്ട് രേഖപ്പെടുത്തിയത്. ജെയ്ക്കിനെക്കാൾ ഇവിടെ ചാണ്ടി ഉമ്മന് അധികമായി ലഭിച്ചത് 241 വോട്ടുകൾ.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടിക്കെതിരെ ജെയ്ക്ക് മത്സരിക്കുമ്പോൾ നേടിയ 54328 വോട്ടുകളാണ് പുതുപ്പള്ളിയുടെ സമീപകാല ചരിത്രത്തിൽ ഇടതുപക്ഷത്തിന് ലഭിച്ച ഏറ്റവും ഉയർന്ന വോട്ട് വിഹിതം. ഇക്കുറി എൽഡിഎഫിന്റെ 12,000 ത്തോളം വോട്ടുകളാണ് മണ്ഡലത്തിൽ കുറവ് വന്നത്.
സഹതാപ തരംഗമെന്ന പേരിൽ പരാജയത്തിന്റെ ആഘാതം കുറച്ച് കാണുമ്പോഴും വരും ദിവസങ്ങളിൽ സിപിഎമ്മിനുളളിൽ ഇക്കാര്യം ഗൗരവമേറിയ ചർച്ചകൾക്ക് വഴി തുറക്കുമെന്ന കാര്യത്തിൽ സംശയമില്ല. സഹതാപ തരംഗത്തിനപ്പുറം പാർട്ടിയും മുന്നണിയും മത്സരിച്ച് വികസനം ചർച്ചയാക്കിയിട്ടും ഇത്രയും നാണംകെട്ട പരാജയം ഏറ്റുവാങ്ങേണ്ടി വന്നതിന്റെ കാരണം ഗൗരവമായി പരിശോധിക്കാൻ പാർട്ടി നേതൃത്വം നിർബന്ധിതമാകുമെന്നാണ് സൂചന.












