ന്യൂഡൽഹി; നൂറ്റാണ്ടുകളുടെ പാരമ്പര്യമുളള ഭാരതത്തിന്റെ സമ്പന്നമായ സാംസ്‌കാരികപൈതൃകം ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നതാണ് പ്രഗതി മൈതാനത്തെ ഭാരതമണ്ഡപത്തിൽ ഒരുക്കിയ ജി 20 ഉച്ചകോടിയുടെ വേദി. അതിഥികളായ വിദേശ രാഷ്ട്രത്തലവന്മാരെയും വിശിഷ്ടാതിഥികളെയും പ്രധാനമന്ത്രി ഹസ്തദാനം നൽകി സ്വീകരിച്ചത് കൊണാർക്ക് ക്ഷേത്രത്തിലെ രഥചക്രത്തിന്റെ മാതൃകയ്ക്ക് മുൻപിൽ വെച്ചായിരുന്നു. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരും അതിഥികളെ സ്വീകരിക്കാൻ പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
ഭാരതത്തിലെ വാസ്തുവിദ്യയുടെയും ശിൽപ്പകലയുടെയും പല മാതൃകകളും ഉച്ചകോടി വേദിയിൽ ആവിഷ്കരിച്ചിരിക്കുന്നു. ഇന്ത്യൻ പൗരാണികതയുടെ പ്രതീകമായിട്ടാണ് കൊണാർക്ക് രഥചക്രത്തിൻ്റെ മാതൃക സ്ഥാപിച്ചത്. പതിമൂന്നാം നൂറ്റാണ്ടിൽ നരസിംഹൻ ഒന്നാമൻ്റെ ഭരണകാലത്ത് നിർമ്മിച്ചതാണ് കൊണാർക്ക് സൂര്യക്ഷേത്രം. സൂര്യദേവനായിരുന്നു ഇവിടെ ആരാധനാമൂർത്തി. ഒഡിഷയിലെ പുരി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രം യുനസ്കോയുടെ പൈതൃകപട്ടികയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.
കൊത്തുപണികളുള്ള ശിലാചക്രങ്ങളും തൂണുകളും മതിലുകളും ഉള്ള ഏഴു കുതിരകൾ കെട്ടി വലിക്കുന്ന കൂറ്റൻ രഥത്തിൻ്റെ ആകൃതിയിലാണ് ക്ഷേത്രത്തിൻ്റെ നിർമ്മിതി. രഥത്തിൻ്റെ ഇരുവശത്തും പന്ത്രണ്ടു ചക്രങ്ങൾ വീതമാണുള്ളത്. സൂര്യഘടികാരങ്ങളാണ് ഈ ചക്രങ്ങൾ.ഇതിൻ്റെ നിലത്തു വീഴുന്ന നിഴൽ നോക്കി സമയം കൃത്യമായി രേഖപ്പെടുത്താൻ സാധിച്ചിരുന്നു.
ഇന്ത്യയുടെ പൗരാണിക വിജ്ഞാനത്തിൻ്റയും വാസ്തുവിദ്യാമികവിൻ്റെയും ഉത്തമോദാഹരണമാണ് ഈ ചക്രം. 24 ആരക്കാലുകളുള്ള ചക്രമാണ് ദേശീയപതാകയിൽ പതിച്ചിരിക്കുന്നത്. ചക്രത്തിൻ്റെ കറക്കം കാലചക്രത്തിൻ്റെ മാറ്റത്തെ സൂചിപ്പിക്കുന്നു. ജനാധിപത്യ ആദർശങ്ങളോടുള്ള സാമൂഹിക പ്രതിബദ്ധതയെയും ഇത് ജനാധിപത്യചക്രം എന്ന നിലയിൽ സൂചിപ്പിക്കുന്നു.
കൊണാർക്ക് ക്ഷേത്രത്തിൻ്റെ വലിയ ഭാഗവും പലവിധ കാരണങ്ങളാൽ നശിച്ചു കഴിഞ്ഞു.പ്രധാന ശ്രീകോവിലും ഇപ്പോൾ നിലവിലില്ല.അവശേഷിക്കുന്ന ഭാഗങ്ങൾ സംരക്ഷിച്ചു നിർത്തുന്നതിനുള്ള പരിശ്രമങ്ങൾ നടക്കുന്നു. ക്ഷേത്രത്തിൻ്റെ ഭൂരിഭാഗവും നശിച്ചെങ്കിലും അവശേഷിക്കുന്ന ഭാഗങ്ങൾ അന്നത്തെ വാസ്തുവിദ്യയുടെയും ശിൽപ്പകലയുടെയും വൈദഗ്ധ്യം തെളിയിച്ചു തന്നെ നിലനിൽക്കുന്നു.
Discussion about this post