അബുദാബി : ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് ഗൾഫ് വഴി ഒരു ട്രെയിൻ യാത്ര, ഒന്നര വർഷമായി ആലോചനയിലുള്ള ഈ ആശയത്തിന്റെ തുടർ ചർച്ചകൾ ഇന്നും നാളെയുമായി ഡൽഹിയിൽ വെച്ച് സംഘടിപ്പിക്കുന്ന ജി 20 ഉച്ചകോടിയിൽ നടക്കുമെന്നാണ് സൂചന. ഇന്ത്യ, ഇസ്രയേൽ, യുഎഇ, യുഎസ് എന്നീ രാജ്യങ്ങൾ തമ്മിലുള്ള ഐതുടു ഉച്ചകോടിയിൽ മുന്നോട്ടുവച്ച ആശയം ജി20യിൽ ശക്തമാകുമെന്നും സംയുക്ത റെയിൽവേ കരാർ ഒപ്പിടാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഇന്ത്യ, സൗദി അറേബ്യ, ജോർദാൻ, തുർക്കി വഴി ട്രെയിൻ അമേരിക്കയിലെത്തിക്കാനുള്ള ചർച്ചകളാണ് നടക്കുന്നത്. സൗദി അറേബ്യയുമായുള്ള ബന്ധം സാധാരണ നിലയിലാക്കാൻ സാധിച്ചാൽ സംയുക്ത റെയിൽ പദ്ധതിയിൽ ചേരാൻ തയ്യാറാണെന്ന് ഇസ്രായേലും അറിയിച്ചിട്ടുണ്ട്.
അന്തിമ തീരുമാനമായാൽ അടുത്ത ഘട്ടത്തിൽ ഇസ്രായേലിനെ ഉൾപ്പെടുത്താൻ കഴിയുമോയെന്ന് പരിശോധിക്കും. ഇസ്രായേലിനെ സൗദി അറേബ്യയുമായി ബന്ധിപ്പിക്കുന്ന ട്രെയിൻ പദ്ധതിയെക്കുറിച്ച് രാജ്യത്തെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നേരത്തെ ചർച്ച നടത്തിയിരുന്നു.
ജി20 സമ്മേളനത്തിൽ റെയിൽ കരാർ പ്രഖ്യാപിക്കുമോയെന്ന് വ്യക്തമല്ലെങ്കിലും ശ്രമങ്ങൾ തുടരുമെന്ന് വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവൻ പറഞ്ഞു. ഇന്ത്യയിൽ നിന്ന് മിഡിൽ ഈസ്റ്റിലേക്കും യൂറോപ്പിലേക്കും ഉള്ള ബന്ധം വളരെ പ്രധാനമാണ്. പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്ന എല്ലാ രാജ്യങ്ങൾക്കും കാര്യമായ സാമ്പത്തിക നേട്ടമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ബെൽറ്റ് ആൻഡ് റോഡ് ഇനീഷ്യേറ്റീവിന്റെ ഭാഗമായി ചൈനയിലുടനീളം നടക്കുന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് ബദലായി റെയിൽ പദ്ധതിയെ കാണുന്നവരുമുണ്ട്. ചൈനയുമായി വ്യാപാരം നടത്തുന്നതിൽ നിന്ന് മറ്റ് രാജ്യങ്ങളെ മാറ്റിനിർത്താൻ വേണ്ടിയുള്ള യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ നിരവധി പദ്ധതികളിൽ ഒന്നാണ് സംയുക്ത റെയിൽ പദ്ധതിയെന്നും പറയപ്പെടുന്നു.
Discussion about this post