ദിസ്പൂർ: ശൈശവ വിവാഹ നിരോധനം ലംഘിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വിവാഹം ചെയ്തവർക്കെതിരെ കൂടുതൽ കടുത്ത നടപടികൾക്ക് ഒരുങ്ങി അസം സർക്കാർ. നിയമലംഘകരെ കണ്ടെത്താനുളള രണ്ടാം ഘട്ട നടപടികൾ പത്ത് ദിവസത്തിനുളളിൽ ആരംഭിക്കുമെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ അറിയിച്ചു.
ഒന്നാം ഘട്ടത്തിൽ സർക്കാർ നടത്തിയ പരിശോധനകളിൽ അയ്യായിരത്തോളം പേരെ അറസ്റ്റ് ചെയ്തതായും മുഖ്യമന്ത്രി പറഞ്ഞു. ഗുവാഹത്തിയിൽ നടന്ന ബിജെപി മഹിളാമോർച്ച ദേശീയ എക്സിക്യൂട്ടീവ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വിവാഹം കഴിച്ച 3000 ത്തോളം കുറ്റവാളികൾ ഇനിയും ഉണ്ടെന്നാണ് പരിശോധനയിൽ വ്യക്തമായത്. വരും ദിവസങ്ങളിൽ പോലീസ് അവരെ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
പെൺകുട്ടികൾ പ്രായപൂർത്തിയാകുന്നതിനു മുൻപ് തന്നെ വിവാഹിതരാകുന്നു, അമ്മയാകുന്നു. സ്ത്രീകളെ അവർ ചൂഷണം ചെയ്യുകയാണ്. ഒന്നിലധികം തവണ വിവാഹം കഴിച്ചവരെ ഭർത്താവായി സ്വീകരിക്കേണ്ടി വരുന്നു. ഈ അവസ്ഥ മാറണം. ഇത്തരം കേസുകളിലെ കുറ്റവാളികളെ ആരെയും വെറുതെ വിടില്ലെന്നും ഹിമന്ത ബിശ്വ ശർമ്മ കൂട്ടിച്ചേർത്തു.
ബഹുഭാര്യാത്വം അവസാനിപ്പിക്കാനുളള നിയമനിർമാണത്തിനായി സംസ്ഥാന സർക്കാർ മെയിൽ വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. ഭരണഘടനയിലെ ആർട്ടിക്കിൾ 25 മായി മുസ്ലീം ശരിയത്ത് നിയമത്തിന്റെ പൊരുത്തക്കേടുകൾ പരിശോധിക്കണമെന്ന ശുപാർശയോടെ സമിതി ജൂൺ എട്ടിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
Discussion about this post