അന്തരിച്ച എലിസബത്ത് രാജ്ഞിയ്ക്ക് ബഹുമാനാർത്ഥം പുറത്തിറക്കിയ നാണയമായ ദി ക്രൗൺ ആണ് ഇപ്പോൾ ലോകമെമ്പാടും ശ്രദ്ധനേടുന്നത്. നാണയം എന്ന് പറയുമ്പോൾ ചെറുതാണെന്ന് കരുതണ്ട, ആളൊരു വമ്പൻ തന്നെയാണ്. നാല് കിലോ സ്വർണവും 6,400 ഡയമണ്ടുകളും ഉപയോഗിച്ച് നിർമ്മിച്ച നാണയത്തിന്റെ വില 23 മില്യൺ ഡോളറാണ്, അതായത് ഏകദേശം 192 കോടി രൂപ. ലോകത്തെ ഏറ്റവും വിലപിടിച്ച നാണയം ഏതാണെന്ന് ചോദിച്ചാൽ നിസ്സംശയം നമുക്ക് പറയാനാകും അത് ദി ക്രൗൺ തന്നെയാണെന്ന്.
ഇന്ത്യയിൽ ജനിച്ച ബ്രിട്ടീഷ് വ്യവസായിയായ സഞ്ജീവ് മേത്തയുടെ ഉടമസ്ഥതയിലുളള ഈസ്റ്റ് ഇന്ത്യ കമ്പനിയാണ് രാജ്ഞിയുടെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് നാണയം പുറത്തിറക്കിയത്. ഇന്ത്യ, ജർമനി, ബ്രിട്ടൺ, സിംഗപ്പൂർ എന്നീ രാജ്യങ്ങളിൽ നിന്നുളള അതിവിദഗ്ധരായ ശിൽപികൾ ചേർന്ന് 16 മാസമെടുത്താണ് ഈ നായണം നിർമ്മിച്ചത്. രത്‌നങ്ങൾ നന്നായി കട്ട് ചെയ്താണ് ഡിസൈനുകളോടൊപ്പം ചേർത്തുവെച്ചിരിക്കുന്നത്.
ഹെർ മജസ്റ്റി ക്വീൻ എലിസബത്ത് II ന്റെ പാരമ്പര്യത്തെ അനുസ്മരിച്ചുകൊണ്ട് നിർമ്മിച്ചത് എന്ന് വിവരിച്ചുകൊണ്ട് നാണയത്തിന്റെ ചിത്രം ദി ഈസ്റ്റ് ഇന്ത്യാ കമ്പനി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. 9.6 ഇഞ്ചിലധികം വ്യാസമുള്ള ബാസ്‌ക്കറ്റ്ബോളിന്റെ വലുപ്പമാണ് നാണയത്തിനുള്ളത്. നാണയത്തിന്റെ മദ്ധ്യഭാഗം മാത്രം രണ്ട് പൗണ്ട് ഭാരമുണ്ട്. ഏറ്റവും ചെറിയ വശം ഒരു ഔൺസ് ഭാരവും. ഒരു വശത്ത്, യുകെ പതാകയുടെ രൂപത്തിൽ ആയിരക്കണക്കിന് വജ്രങ്ങൾ ക്രമീകരിച്ചിട്ടുണ്ട്.
എലിസബത്ത് രാജ്ഞി തന്നെയാണ് നാണയത്തിന്റെ രൂപകല്പന അംഗീകരിച്ചത്. ബ്രിട്ടീഷ് ഓവർസീസ് ടെറിട്ടറി ഓഫ് സെന്റ് ഹെലീനയുടെ പങ്കാളിത്തത്തോടെയാണ് ‘ദി ക്രൗൺ’ നാണയം നിർമ്മിച്ചത്.
2021 ജൂണിൽ ന്യൂയോർക്കിലെ സോഥെബിയിൽ നിന്ന് 18.9 മില്യൺ ഡോളറിന് കൊടുത്ത 1933 യുഎസ് ‘ഡബിൾ ഈഗിൾ’ എന്ന അപൂർവ നാണയമാണ് ലേലത്തിൽ വിറ്റ ഏറ്റവും വിലയേറിയ നാണയത്തിനുള്ള നിലവിലെ ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കിയിരിക്കുന്നത്.
Discussion about this post