പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് സംഭാവനയായി ലഭിച്ച എക്‌സ് റേ മെഷീൻ എലി കടിച്ചുമുറിച്ച സംഭവത്തിൽ വിജിലൻസ് അന്വേഷണത്തിനൊരുങ്ങുന്നു. 92.6 ലക്ഷത്തിന്റെ എക്‌സ് റേ മെഷീൻ ആണ് എലി കടിച്ചു മുറിച്ചത്. വിജിലൻസിന്റെ എറണാകുളം യൂണിറ്റ് ആകും അന്വേഷണം നടത്തുന്നത്. പൊതുപ്രവർത്തകനായ ബോബൻ മാട്ടുമന്ത നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചത്.
എലി കടിച്ചുമുറിച്ചതിന് പിന്നാലെ എക്‌സ് റേ മെഷീൻ ഉപയോഗ ശൂന്യമായിരുന്നു. ഇതിന്റെ അറ്റകുറ്റപ്പണികൾ നടത്തി ഉപയോഗിക്കുന്ന രീതിയിലാക്കാൻ 31.91 ലക്ഷം രൂപ വേണ്ടി വരുമെന്ന് ആരോഗ്യ വകുപ്പ് റിപ്പോർട്ട് നൽകിയിരുന്നു.
യന്ത്രം നൽകിയാൽ അനുബന്ധ സൗകര്യം ജില്ലാ ആശുപത്രി അധികൃതർ ഒരുക്കണമെന്ന് എക്‌സ് റേ മെഷീൻ നൽകിയ സ്വകാര്യ കമ്പനി കരാർ ഉണ്ടാക്കിയിരുന്നു. എന്നാൽ, ഇക്കാര്യങ്ങളൊന്നും തന്നെ ജില്ലാ ആശുപത്രി പാലിച്ചില്ല. എലി, പാറ്റ തുടങ്ങിയ ജീവികൾ യന്ത്രം നശിപ്പിച്ചാൽ വാറന്റി ലഭിക്കില്ലെന്നതും തിരിച്ചടിയായി.












