തിരുവനന്തപുരം: ആലുവയിൽ അതിഥി തൊഴിലാളികളുടെ മക്കൾക്ക് നേരെയുണ്ടായ രണ്ട് അതിക്രമങ്ങളുടെ പശ്ചാത്തലത്തിൽ നിയമസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി പ്രതിപക്ഷം. ആഭ്യന്തര വകുപ്പിനെ നയിക്കുന്നത് മുഖ്യമന്ത്രി തന്നെയാണോയെന്ന് നോട്ടീസ് നൽകിയ അൻവർ സാദത്ത് എംഎൽഎ സംശയം പ്രകടിപ്പിച്ചു. ഗൂഢസംഘമാണ് ആഭ്യന്തര വകുപ്പിനെ നയിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
എന്നാൽ ഒറ്റപ്പെട്ട സംഭവങ്ങൾ ഒറ്റപ്പെട്ടതു തന്നെയാണെന്നും അതിനെ പർവ്വതീകരിച്ച് കേരളത്തിൽ മൊത്തം അങ്ങനെയാണ് എന്ന് വരുത്തേണ്ടതില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഏത് ഗൂഢസംഘമാണ് ആഭ്യന്തര വകുപ്പിനെ നയിക്കുന്നതെന്ന ചോദ്യം എന്തുകൊണ്ട് ഉണ്ടായ സംശയമാണെന്നും ഏതിന്റെ ഭാഗമായി ഉണ്ടായ സംശയമാണെന്നും മുഖ്യമന്ത്രി ചോദിച്ചു. ആഭ്യന്തര വകുപ്പിന് അതിന്റേതായ ശ്രേണികൾ വെച്ചുകൊണ്ടാണ് കാര്യങ്ങൾ നീക്കുന്നത്. കേരളത്തിലെ ആഭ്യന്തര വകുപ്പ് നമ്മുടെ സമൂഹത്തിന് അഭിമാനിക്കാവുന്ന കാര്യങ്ങളാണ് ചെയ്തുവരുന്നതെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.
8 വയസുകാരിയെ പീഡിപ്പിച്ച സംഭവം നടന്ന ദിവസം ആലുവ ഗസ്റ്റ് ഹൗസിൽ താൻ ഉണ്ടായിരുന്നു ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരോട് നേരിട്ട് വിളിച്ച് കാര്യങ്ങൾ അന്വേിഷിക്കാനായി. പ്രതിയെ പിടികൂടുന്നതിന് നാട്ടുകാരും നല്ല രീതിയിൽ സഹായിച്ചു. പോലീസിന്റെയും നാട്ടുകാരുടെയും സഹായത്തോടെയാണ് പ്രതിയെ പിടിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇതിനിടയിലായിരുന്നു രമേശ് ചെന്നിത്തല പോലീസിന് പെട്രോളടിക്കാൻ പോലും കാശില്ലെന്ന് ചൂണ്ടിക്കാട്ടിയത്. ആലുവ സംഭവങ്ങളുടെ പിന്നാലെ ഡിജിപിയെ വരെ താൻ വിളിച്ചിരുന്നതായി ചെന്നിത്തല പറഞ്ഞു. അന്വേഷിച്ചപ്പോൾ മനസിലായത് പട്രോളിംഗ് നടക്കുന്നില്ലെന്നാണ്. രാത്രികാലങ്ങളിൽ പട്രോളിംഗ് നടക്കാത്തതിനാൽ അങ്കമാലി, പെരുമ്പാവൂർ, ആലുവ മേഖലകളിൽ നടക്കുന്ന ക്രിമിനൽ പ്രവർത്തനങ്ങൾ തടയാനാകുന്നില്ല. ഒന്നുകൂടി അന്വേഷിച്ചപ്പോൾ പെട്രോളടിക്കാൻ പൈസ പോലും പോലീസുകാർക്കില്ല എന്നാണ് മനസിലാകുന്നതെന്നും ചെന്നിത്തല പറഞ്ഞു.
എന്നാൽ സാമ്പത്തിക പ്രയാസം കൊണ്ട് ചില വിഷമങ്ങൾ ഉണ്ടെന്നത് ശരിയാണ്. പക്ഷെ പെട്രോളടിക്കാൻ കാശില്ലാതെ എവിടെയും മുടങ്ങിപ്പോയിട്ടില്ലെന്ന് ആയിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പട്രോളിംഗ് ശക്തിപ്പെടുത്തണമെന്നത് സംസ്ഥാന പോലീസ് മേധാവിയുടെ അടുത്ത് നിർദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












