തിരുവല്ല : പത്തനംതിട്ട തിരുമൂലപുരത്ത് ഭാര്യയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോയതായി ഭര്‍ത്താവിന്റെ പരാതി. രാത്രി കുടുംബസമേതം ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ യുവതിയുടെ ആണ്‍സുഹൃത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബൈക്ക് തടഞ്ഞുനിര്‍ത്തി 23 കാരിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോയത്. സംഭവത്തില്‍ യുവതിയുടെ ആണ്‍സുഹൃത്തായ പ്രിന്റു പ്രസാദ് അടക്കമുള്ളവര്‍ക്കെതിരേ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇയാള്‍ ചെങ്ങന്നൂര്‍ സ്വദേശിയാണ്.
തിങ്കളാഴ്ച രാത്രി 10.30-ഓടെ തിരുമൂലപുരം കുറ്റൂര്‍പാലത്തിന് സമീപത്തെ തട്ടുകടയില്‍നിന്ന് ഭക്ഷണംകഴിച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവതിയും കുടുംബവും. യുവതിയും ഭര്‍ത്താവും കുഞ്ഞും ഭര്‍ത്താവിന്റെ സഹോദരിയും രണ്ട് ഇരുചക്രവാഹനങ്ങളിലായാണ് യാത്ര ചെയ്തിരുന്നത്. ഇതിനിടെയാണ് കാറിലെത്തിയ പ്രതികള്‍ ബൈക്ക് തടഞ്ഞു നിര്‍ത്തി കുടുംബത്തെ ആക്രമിച്ചത്. കാര്‍ റോഡിന് കുറുകെ നിര്‍ത്തി ബൈക്ക് തടഞ്ഞ പ്രതികള്‍ ഭര്‍ത്താവിനെ ആദ്യം പിടിച്ചുവെച്ച ശേഷം യുവതിയുടെ കൈയിലുണ്ടായിരുന്ന കുഞ്ഞിനെ തട്ടിയെടുത്ത് കാറിലേക്ക് മാറ്റുകയായിരുന്നു. പിന്നാലെ കത്തികാട്ടി കുടുംബത്തെ ഭീഷണിപ്പെടുത്തുകയും ചെയ്തു. തന്റെയൊപ്പം വന്നില്ലെങ്കില്‍ കുഞ്ഞിനെ കൊന്നുകളയുമെന്ന മുഖ്യപ്രതിയായ പ്രിന്റു പ്രസാദ് യുവതിയെ ഭീഷണിപ്പെടുത്തുകയും ബലമായി പിടിച്ച് കാറില്‍ കയറ്റി കൊണ്ടു പോയെന്നുമാണ് ഭര്‍ത്താവിന്റെ പരാതി. അക്രമിസംഘത്തെ എതിര്‍ക്കാന്‍ ശ്രമിച്ച സഹോദരിയെ മര്‍ദിച്ചതായും പരാതിയില്‍ പറയുന്നു.
യുവതിയുടെ ആണ്‍സുഹൃത്തായ പ്രിന്റോ പ്രസാദിന് പുറമേ ഇയാളുടെ അടുത്ത സുഹൃത്തുക്കളായ മൂന്നുപേര്‍ കൂടി അക്രമി സംഘത്തിലുണ്ടായിരുന്നതായാണ് പോലീസിന് ലഭിച്ച മൊഴി. പക്ഷെ ഇവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. അതിനിടെ, ഭര്‍ത്താവിന്റെ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ്, ചെങ്ങന്നൂരില്‍ പ്രിന്റുവിന്റെ വീട്ടിലെത്തി പരിശോധന നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ ദിവസം വീട്ടില്‍നിന്ന് പോയ ഇയാള്‍ ഇതുവരെ തിരിച്ചെത്തിയിട്ടില്ലെന്നാണ് വീട്ടുകാര്‍ നല്‍കുന്ന വിവരം. യുവതിയെയും കുഞ്ഞിനെയും കൊണ്ട് ഇയാള്‍ രഹസ്യകേന്ദ്രത്തിലേക്ക് മാറിയിരിക്കാമെന്നാണ് സൂചന. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
Discussion about this post