എറണാകുളം: രണ്ടു കുട്ടികൾ ഉൾപ്പെടെ ഒരു വീട്ടിലെ നാലുപേരെ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം, കടമക്കുടി സ്വദേശി നിജോ, ഭാര്യ ശില്പ, മക്കളായ ആരോൺ, ഏയ്ബൽ എന്നിവരെയാണ് ഇന്ന് രാവിലെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതയാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനത്തിൽ പോലീസ് പറയുന്നത്.
വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ഭാര്യ ശില്പ ജോലിയ്ക്കായി വിദേശത്തു പോയിരുന്നു. പക്ഷെ ഉദ്ദേശിച്ച ജോലി ലഭിക്കാതെ തിരികെ നാട്ടിലേക്ക് മടങ്ങേണ്ടി വന്നു. അതിൽ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായാണ് ബന്ധുക്കൾ പറയുന്നത്. അതായിരിക്കാം ആത്മഹത്യ ചെയ്യാനുള്ള കാരണമെന്നാണ് പോലീസ് പറയുന്നത്.
വീടിന്റെ മുകളിലത്തെ നിലയിലായിരുന്നു നിജോയും കുടുംബവും താമസിച്ചിരുന്നത്. സ്‌കൂളിൽ പോകുന്ന സമയം ആയിട്ടും കുട്ടികളെ കാണാത്തതിനാൽ നിജോയുടെ മാതാവ് ആനി അവരെ അന്വേഷിച്ചു മുകളിൽ എത്തിയപ്പോഴാണ് നാലുപേരും മരിച്ച വിവരം അറിയുന്നത്. നിജോയും ശിൽപയും തൂങ്ങിമരിച്ച നിലയിലും രണ്ട് കുട്ടികൾ കട്ടിലിൽ മരിച്ച നിലയിലുമാണ് കാണപ്പെട്ടത്. കുട്ടികൾക്ക് വിഷം നൽകിയ ശേഷം മാതാപിതാക്കൾ തൂങ്ങിമരിച്ചതായിരിക്കാമെന്നാണ് പോലീസ് നിഗമനം.
മൃതദേഹങ്ങൾ പറവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമാർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.












