ന്യൂഡൽഹി: നവംബറിനെ ഹിന്ദു പൈതൃക മാസമായി അംഗീകരിച്ച് ഫ്‌ളോറിഡ. ബ്രോവാർഡ് കൗണ്ടിയാണ് ഇതുമായി ബന്ധപ്പെട്ട പ്രമേയം പാസാക്കിയത്. ദീപാവലി ദിനത്തിൽ വലിയ ആഘോഷപരിപാടികൾ ആണ് പ്രദേശത്ത് നടന്നത്. ഇത് വലിയ വാർത്തയാകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഒരു മാസത്തെ ഹിന്ദു പൈതൃക മാസമായി അംഗീകരിച്ചിരിക്കുന്നത്.
ഹിന്ദു മതം സമൂഹത്തിന് നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് ഹിന്ദു പൈതൃക മാസം ആചരിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ആയുർവേദം, യോഗ തുടങ്ങിയ ഹിന്ദു മതം സമൂഹത്തിന് നൽകിയ വലിയ സംഭാവനകൾ ആണ്. ഭക്ഷണം, കല, സംഗീതം മുതലായവയ്ക്കും വിസ്മരിക്കാൻ കഴിയാത്ത സംഭാവനകളാണ് ഹിന്ദു മതം നൽകിയിരിക്കുന്നത് എന്നും ബ്രോവാർഡ് കൗണ്ടി അംഗീകരിച്ച പ്രമേയത്തിൽ വ്യക്തമാക്കുന്നുണ്ട്.
ലോകത്തെ തന്നെ ഏറ്റവും വലുതും പഴക്കമേറിയതുമായ മതമാണ് ഹിന്ദു മതമെന്ന് പ്രമേയത്തിൽ പറയുന്നു. നൂറ് രാജ്യങ്ങളിലായി ഏകദേശം 1.2 ബില്യൺ ഹിന്ദു വിശ്വാസികളാണ് ഉള്ളത്. അംഗീകരിക്കൽ, പരസ്പര ബഹുമാനം, സ്വാതന്ത്ര്യം, സമാധാനം എന്നിങ്ങനെ കോടാനുകോടി മൂല്യങ്ങൾ ഉൾക്കൊണ്ടിരിക്കുന്നതാണ് ഹിന്ദു മതമെന്നും പ്രമേയത്തിൽ വ്യക്തമാക്കുന്നു. ദീപാവലി ആഘോഷത്തിന്റെ പ്രധാന്യവും പ്രമേയത്തിലുണ്ട്.
ഹിന്ദു സമൂഹമായ കോഹ്ന ( കൊയാലിഷൻ ഓഫ് ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക) ട്വിറ്ററിലൂടെയാണ് പ്രമേയം പാസാക്കിയ വിവരം അറിയിച്ചത്. ദീപാവലി ദിനത്തിൽ സ്‌കൂളുകൾക്ക് അവധി നൽകണമെന്ന് ആവശ്യപ്പെട്ട് സംഘടന നേരത്തെ ബ്രോവാർഡ് കൗണ്ടി അധികൃതരെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു നവംബർ മാസത്തെ ഹിന്ദു പൈതൃക മാസമായി അംഗീകരിക്കാനുള്ള തീരുമാനം.
Discussion about this post