ലോകത്തെ ഏറ്റവും വലിയ സസ്യത്തെ ഓസ്ട്രേലിയയിൽ കണ്ടെത്തി. പൊസീഡോൺസ് റിബൺ വീഡ് എന്നാണ് അത്ഭുത സസ്യത്തിന്റെ പേര്. കടൽപുല്ല് ഇനത്തിൽപ്പെട്ട ഒരു നീളൻ ചെടിയാണിത്. 180 കിലോമീറ്റർ നീളമാണ് ഈ ചെടിക്കുള്ളത്. 4500 വർഷത്തോളം പ്രായവും ഈ ചെടിക്കുണ്ട്. പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെ ഷാർക്ക് ബേയിലെ വേൾഡ് ഹെറിറ്റേജ് ഏരിയയിലെ സമുദ്രത്തിലാണ് ഈ ചെടി കണ്ടെത്തിയത്. പോസിഡോണിയ ഓസ്ട്രാലിസ് എന്നാണ് ഈ സസ്യത്തിന് ശാസ്ത്രനാമം നൽകിയിരിക്കുന്നത്.
ഓസ്ട്രേലിയയിലെ ഗവേഷകർ ഒരു സർവേയുടെ ഭാഗമായി ഈ പ്രദേശത്തെ വിവിധയിനം കടൽ പുല്ലുകളെ കുറിച്ചുള്ള പഠനം നടത്തുന്നതിനിടയിലാണ് ഈ അത്ഭുത സസ്യം കണ്ടെത്തിയത്. കടൽപുല്ലുകൾ നിറഞ്ഞ ഒരു പുൽമേട് ആണിതെന്നായിരുന്നു അവർ ആദ്യം കരുതിയത്. എന്നാൽ വിദഗ്ദ്ധ പരിശോധനയിൽ ഇത് കടൽ പുല്ലുകളുടെ ഒരു കൂട്ടമല്ല മറിച്ച് ഒരൊറ്റ ചെടിയാണെന്ന് കണ്ടെത്തുകയായിരുന്നു. വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ UWA യൂണിവേഴ്‌സിറ്റിയിലെയും ഫ്ലിൻഡേഴ്‌സ് യൂണിവേഴ്‌സിറ്റിയിലെയും ഗവേഷകരാണ് ഈ അത്യപൂർവ്വമായ ചെടിയെ കണ്ടെത്തിയത്.
സാധാരണഗതിയിൽ കടൽപുല്ലുകൾക്ക് അതിന്റെ മാതൃസസ്യത്തിന്റെ ജീനോമിന്റെ പകുതി ആയിരിക്കും ലഭിക്കുക. എന്നാൽ പൊസീഡോൺസ് റിബൺ വീഡിന് അതിന്റെ മാതൃത്വത്തിൻ റെ മുഴുവൻ ജീനോമും ലഭിച്ചിട്ടുണ്ട്. അതിലുപരിയായ മറ്റൊരു കണ്ടെത്തൽ റിബൺ വീഡ് രണ്ട് ഇനത്തിൽപ്പെട്ട കടൽപുല്ലുകളുടെ സങ്കരയിനം ആയിരുന്നു എന്നുള്ളതാണ്.
സ്വയം ക്ലോൺ ചെയ്യപ്പെടുന്ന ഈ ചെടി വർഷങ്ങളോളം ഈ ക്ലോണിംഗ് ആവർത്തിക്കുകയും ചെയ്തത് കൊണ്ടാണ് ഈ ചെടിയ്ക്ക് ഇത്രയും നീളം ലഭിച്ചതെന്നാണ് ഗവേഷകർ കണ്ടെത്തിയിട്ടുള്ളത്. 4500 വർഷങ്ങൾക്ക് മുൻപാണ് ഈ ചെടിയുടെ ഉത്ഭവമെന്നും കണ്ടെത്തിയിട്ടുണ്ട്.
ഉയർന്ന പ്രതിരോധശേഷിയുള്ള ഒരു കൂടിയാണിത്. ഇത്രയും വർഷത്തോളം ഈ ചെടിക്ക് നിലനിൽക്കാൻ കഴിഞ്ഞതും ഈ പ്രതിരോധ ശേഷി കൊണ്ടാണ്. പൊതുവേ തണുപ്പുള്ള താപനിലയും ഉയർന്ന ലവണാംശങ്ങളുള്ള വെള്ളവും മറ്റു പ്രദേശങ്ങളേക്കാൾ കൂടിയ അളവിലുള്ള പ്രകാശവും ലഭിക്കുന്ന സ്ഥലമാണ് ഷാർക്ക് ബേ. അത്തരം ഒരു സ്ഥലത്ത് കൂടുതൽ കാലം അതിജീവിക്കുക എന്നത് സസ്യങ്ങളെ അപേക്ഷിച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ പൊസീഡോൺസ് റിബൺ വീഡ് ഈ കാലാവസ്ഥയെ മറ്റ് പ്രതികൂല ഘടകങ്ങളെയും അതിജീവിച്ച് 4500 വർഷങ്ങളോളം നിലനിന്നു എന്നുള്ളതാണ് ഈ ചെടിയെ ഏറെ പ്രാധാന്യമുള്ളതാക്കി മാറ്റുന്നത്.












