ആഗോള ഭീകരവാദ സൂചികയിൽ (ഗ്ലോബൽ ടെററിസം ഇൻഡക്സ് 2026) ലോകത്ത് ഭീകരാക്രമണങ്ങൾ കൊണ്ട് ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്ന രാജ്യമായി പാകിസ്ഥാൻ ഒന്നാമതെത്തിയതിന് പിന്നാലെ സ്വന്തം ഭരണകൂടത്തിനെതിരെ കടുത്ത വിമർശനവുമായി യുഎസിലെ മുൻ പാകിസ്ഥാൻ അംബാസഡർ ഹുസൈൻ ഹഖാനി. തീവ്രവാദ ഗ്രൂപ്പുകളെ വളർത്തിയെടുത്ത മുൻകാല നയങ്ങളുടെ ദുരന്തഫലമാണ് രാജ്യം ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം തുറന്നടിച്ചു.
“സ്വന്തം വീടിന്റെ പിൻമുറ്റത്ത് വിഷപ്പാമ്പുകളെ വളർത്തിയാൽ എന്നെങ്കിലും ഒരുനാൾ അത് വീട്ടിലുള്ളവരെ തന്നെ കൊത്തും” എന്ന് ഹഖാനി എക്സിൽ (ട്വിറ്റർ) കുറിച്ചു. അൻപത് വർഷങ്ങൾക്ക് മുൻപാണ് പാകിസ്ഥാൻ തീവ്രവാദ ജിഹാദികൾക്ക് ആയുധം നൽകാൻ തുടങ്ങിയതെന്നും, ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ ഭീകരാക്രമണങ്ങൾക്ക് ഇരയാകുന്ന രാജ്യങ്ങളുടെ പട്ടികയിൽ പാകിസ്ഥാൻ ഒന്നാമതെത്തി നിൽക്കുകയാണെന്നും ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഇനിയെങ്കിലും ഇതിൽ നിന്നും പാഠം പഠിക്കാൻ ആരെങ്കിലും തയ്യാറാവുമോ എന്നും ചോദിച്ചു.
ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്സ് ആൻഡ് പീസ് (ഐഇപി) പുറത്തുവിട്ട 2026-ലെ റിപ്പോർട്ട് പ്രകാരം 8.574 സ്കോറോടെ ബുർക്കിനാ ഫാസോയെ പിന്തള്ളിയാണ് പാകിസ്ഥാൻ ഒന്നാം സ്ഥാനത്തെത്തിയത്. 2025-ൽ മാത്രം 1,045 ഭീകരാക്രമണങ്ങളിലായി 1,139 പേർ പാകിസ്ഥാനിൽ കൊല്ലപ്പെട്ടു. 2013-ന് ശേഷം രാജ്യത്ത് ഭീകരാക്രമണങ്ങളിൽ ഉണ്ടാകുന്ന ഏറ്റവും ഉയർന്ന മരണനിരക്കാണിത്. മുൻ വർഷങ്ങളിൽ ആദ്യ പത്തു രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിരുന്ന പാകിസ്ഥാൻ ഇതാദ്യമായാണ് സൂചികയിൽ ഒന്നാം സ്ഥാനത്ത് എത്തുന്നതെന്നത് ഗൗരവം വർദ്ധിപ്പിക്കുന്നു.
ലോകമെമ്പാടും ഭീകരാക്രമണ മരണങ്ങളിൽ 28 ശതമാനത്തിന്റെ കുറവുണ്ടായ സമയത്താണ് പാകിസ്ഥാനിൽ മരണസംഖ്യ ആറ് ശതമാനത്തോളം ഉയർന്നത്. ആളുകളെ ബന്ദികളാക്കുന്ന സംഭവങ്ങളിൽ വലിയ വർധനവാണ് രേഖപ്പെടുത്തിയത്; 2024-ൽ 101 ആയിരുന്നത് 2025-ൽ 655 ആയി ഉയർന്നു. അഫ്ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ഖൈബർ പഖ്തുൺഖ്വ, ബലൂചിസ്ഥാൻ എന്നീ മേഖലകളിലാണ് ആക്രമണങ്ങളിൽ ഭൂരിഭാഗവും നടന്നത്. തെഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ (ടിടിപി), ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ) തുടങ്ങിയ സംഘടനകളുടെ വളർച്ച പാകിസ്ഥാന്റെ പതനത്തിന് ആക്കം കൂട്ടിയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.












