ചെന്നൈ: ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ പൊതു വ്യവഹാരങ്ങളില്‍ ഹിന്ദുമതം സനാതന ധര്‍മ്മത്തില്‍ നിന്ന് വ്യത്യസ്തമാണെന്ന് അവകാശവാദവുമായി രംഗത്തെത്തിയ ഡിഎംകെയ്ക്കെതിരെ ആഞ്ഞടിച്ച് തമിഴ്നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈ. സനാതന ധര്‍മ്മവും ഹിന്ദു മതവും ഒന്നാണെന്ന് മനസ്സിലാക്കാന്‍ 12ാം ക്ലാസില്‍ ചേര്‍ന്ന് പഠിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. സനാതന ധര്‍മ്മത്തിനെതിരായ ഉദയനിധി സ്റ്റാലിന്റെ വിദ്വേഷ പ്രസംഗത്തെ പ്രതിരോധിക്കുന്നതിനാണ് പുതിയ ന്യായ വാദവുമായി ഡിഎംകെ നേതാക്കള്‍ രംഗത്തെത്തിയത്. തമിഴ്നാട് സര്‍ക്കാര്‍ പുറത്തിറക്കിയ നൈതികതയെയും ഇന്ത്യന്‍ സംസ്കാരത്തെയും കുറിച്ചുള്ള 12 ക്ലാസ് പാഠപുസ്തകത്തിന്റെ ചിത്രം സഹിതമാണ് അണ്ണാമലൈ ഫേസ്ബുക്കില്‍ കുറിപ്പ് പങ്ക് വച്ചത്.
‘തമിഴ് നാട് സര്‍ക്കാര്‍ പുറത്തിറക്കിയ 12-ാം ക്ലാസ് പാഠപുസ്തകത്തില്‍ സനാതന ധര്‍മ്മവും ഹിന്ദുമതവും ഒന്നാണെന്നാണ് പറയുന്നത്, അറിയില്ലെങ്കില്‍ ഉദയനിധി സ്റ്റാലിനും പികെ ശേഖര്‍ ബാബുവും ആദ്യം 12ാം ക്ലാസില്‍ ചേര്‍ന്നു പഠിക്കൂ’, അണ്ണാമലൈ പറഞ്ഞു. പാഠ പുസ്തകത്തില്‍ സനാതന ധര്‍മ്മം ശാശ്വത ധര്‍മ്മമാണെന്ന് പരാമര്‍ശിക്കുന്നുണ്ട്. സംസ്ഥാന ഹിന്ദു മത – ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് വകുപ്പ് മന്ത്രിയാണ് പികെ ശേഖര്‍. അതിനാല്‍ തന്നെ ഹിന്ദു മതത്തെ പറ്റി ശരിയായ അറിവ് നേടേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അണ്ണാമലൈ ഫേസ്ബുക്ക് പോസ്റ്റില്‍ ചേര്‍ത്തിരിക്കുന്ന ചിത്രത്തില്‍ ‘ഹിന്ദു’ എന്ന വാക്കിന്റെ അര്‍ത്ഥം വിശദീകരിച്ച പുസ്തകത്തില്‍ നിന്നുള്ള ഒരു ഉദ്ധരണിയാണ് പങ്ക് വച്ചിരിക്കുന്നത്. ഹിന്ദുക്കള്‍ ആരാണെന്നും എന്താണ് ‘ഹിന്ദുമതം’ എന്നും അതില്‍ വിശദീകരിക്കുന്നു. ‘ഒരാള്‍ ഏതെങ്കിലും കാരണത്താല്‍ കഷ്ടപ്പെടുന്നുണ്ടെങ്കില്‍, ആ കഷ്ടപ്പാടുകള്‍ സ്വന്തം കഷ്ടപ്പാടായി കണക്കാക്കി അത് നീക്കം ചെയ്യാന്‍ മുന്നോട്ടു വരുന്നത് ഹിന്ദുവാണ്. സദ്ഗുണമുള്ളവരുള്ള മതമാണ് ഹിന്ദുമതം. ഹിന്ദുമതം, സനാതന ധര്‍മ്മം, വേദങ്ങളുടെ മതം എന്നിങ്ങനെ വിവിധ പേരുകളില്‍ ഇതിനെ വിളിക്കുന്നു’.
സനാതന ധര്‍മ്മം ഉന്മൂലനം ചെയ്യണമെന്ന ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയ്ക്ക രാജ്യ വ്യാപകമായി വന്‍ പ്രതിഷേധമാണ് നേരിടുന്നത്. ഇതിനെ പ്രതിരോധിക്കുന്നതിനായാണ് ദക്ഷിണേന്ത്യയിലെ വ്യവഹാരത്തില്‍ സനാതന്‍ ധര്‍മ്മം ഹിന്ദുമതത്തില്‍ നിന്ന് വ്യത്യസ്തമാണെന്ന വാദവുമായി കോണ്‍ഗ്രസ് നേതാവ് കാര്‍ത്തി ചിദംബരം പ്രസ്താവനയിറക്കിയത്. താന്‍ ഒരു ഹിന്ദുമത വിശ്വാസിയാണെന്നും ഉദയനിധി സ്റ്റാലിന്റെ സനാതന ധര്‍മ്മ പരാമര്‍ശത്തില്‍ തെറ്റൊന്നും കാണുന്നില്ലെന്നും പറഞ്ഞ കാര്‍ത്തി ദക്ഷിണേന്ത്യന്‍ ഭാഷയില്‍ സനാതന്‍ ധര്‍മ്മം എന്നാല്‍ ജാതി വിവേചനവും ജാതി ശ്രേണിയും മാത്രമാണെന്നും അവകാശപ്പെട്ടിരുന്നു. ഇത്തരം ഹിന്ദു വിരുദ്ധ പരമാര്‍ശങ്ങളുടെ പശ്ചാത്തലത്തിലാണ് അണ്ണാമലൈയുടെ ഫേസ്ബുക്ക് പോസ്റ്റ്.
Discussion about this post