ഗുജറാത്ത്: കുടിയേറ്റക്കാരായ 108 ഹിന്ദുക്കള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കി കേന്ദ്ര സര്‍ക്കാര്‍. ന്യൂനപക്ഷ പീഡനത്തെ തുടര്‍ന്ന് പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ ഇസ്ലാമിക രാജ്യങ്ങളില്‍ നിന്ന് ഗുജറാത്തിലേക്ക് കുടിയേറി പാര്‍ത്തവരാണ് ഇവര്‍. അഹമ്മദാബാദ് ജില്ലാ ഭരണകൂടം സംഘടിപ്പിച്ച ചടങ്ങില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹര്‍ഷ് സാംഘ്വി ഇവര്‍ക്ക് ഇന്ത്യന്‍ പൗരത്വ സര്‍ട്ടിഫിക്കേറ്റ് കൈമാറി.
“നിങ്ങള്‍ ഇപ്പോള്‍ ഇന്ത്യന്‍ പൗരന്മാരാണ്. ഒരു പുതിയ ഇന്ത്യ എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ നാമെല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണം. കുടിയിറക്കപ്പെട്ട പൗരന്മാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ എല്ലായ്പ്പോഴും പ്രതിജ്ഞാബദ്ധമാണ്. അവരെ ദൈനംദിന ജീവിത പ്രശ്നങ്ങള്‍ പരിഹരിച്ച്, സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് വരുത്തും”, സാംഘ്വി പറഞ്ഞു.
രാജ്യത്തിന്റെ വികസന യാത്രയില്‍ പങ്കാളികളാകാന്‍ നിങ്ങളെല്ലാവരും ദൃഢനിശ്ചയം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാവര്‍ക്കും ഗുജറാത്തില്‍ സുരക്ഷിതത്വം അനുഭവപ്പെടുമെന്നും സര്‍ക്കാര്‍ ആനുകൂല്യങ്ങളും പദ്ധതികളും ഉള്‍പ്പെടെ ഒരു പൗരന്റെ എല്ലാ അവകാശങ്ങളും ഇനിമുതല്‍ ലഭിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.
“വസുധൈവ കുടുംബകം എന്ന വാക്യം ഇതോടെ ഇവിടെ പ്രാവര്‍ത്തകികമാകുകയാണ്. പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ മതപരമായി പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങള്‍ക്കും അവരുടെ ആശ്രിതര്‍ക്കും ഇന്ത്യന്‍ പൗരത്വം ഉറപ്പു വരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും വളരെയധികം ശ്രമിച്ചിട്ടുണ്ട്”, സാംഘ്വി വ്യക്തമാക്കി.
അഹമ്മദാബാദില്‍ ഇതുവരെ 1149 -ലധികം ഹിന്ദു കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കിയിട്ടുണ്ടെന്നും പരിപാടിയില്‍ ആഭ്യന്തര സഹമന്ത്രി അറിയിച്ചു.
അഫ്ഗാനിസ്ഥാന്‍, പാകിസ്താന്‍, ബംഗ്ലാദേശ്, നിന്നുള്ള ന്യൂനപക്ഷങ്ങള്‍ക്ക് (ഹിന്ദുക്കള്‍, സിഖുകാര്‍, പാഴ്സികള്‍, ബുദ്ധമതക്കാര്‍, ജൈനര്‍, ക്രിസ്ത്യാനികള്‍) പൗരത്വ നിയമങ്ങള്‍ പാലിച്ച് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിന് ഗുജറാത്തിലെ അഹമ്മദാബാദ്, ഗാന്ധിനഗര്‍, കച്ച്-ടിആര്‍എസ് ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അധികാരം നല്‍കിയിരുന്നു.
Discussion about this post