പാട്ന : ബീഹാറിലെ മുസഫർപൂരിൽ സ്കൂൾ വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന വഞ്ചി മറിഞ്ഞ് പത്തോളം കുട്ടികളെ കാണാതായി. 32 കുട്ടികളായിരുന്നു വഞ്ചിയിൽ ഉണ്ടായിരുന്നത്. ഭാഗ്മതി നദിയിലാണ് അപകടമുണ്ടായത്. കുട്ടികൾ സ്കൂളിലേക്ക് പോകുന്ന വഴിയായിരുന്നു അപകടം നടന്നത്.
മധുപൂർ പട്ടി ഘട്ടിന് സമീപമാണ് സ്കൂൾ കുട്ടികളുമായി പോയ വഞ്ചി മറിഞ്ഞത്. ഭാഗ്മതി നദിയിലൂടെ ഈ വഞ്ചിയിൽ യാത്ര ചെയ്തു വേണം ഈ കുട്ടികൾക്ക് എല്ലാ ദിവസവും സ്കൂളിലെത്താൻ. പതിവുപോലെ വ്യാഴാഴ്ച സ്കൂളിലേക്ക് തിരിച്ച കുട്ടികളാണ് അപകടത്തിൽ പെട്ടത്. ഇരുപതിലറെ പേരെ രക്ഷപ്പെടുത്തി കരയ്ക്ക് എത്തിച്ചിട്ടുണ്ട്. പത്തോളം കുട്ടികളെ ആണ് കാണാതായിരിക്കുന്നത്.
കാണാതായ കുട്ടികൾക്കായി മുങ്ങൽ വിദഗ്ധർ തിരച്ചിൽ നടത്തുന്നുണ്ട്. സംസ്ഥാന ദുരന്ത നിവാരണ സേനയാണ് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. രക്ഷാപ്രവർത്തനങ്ങൾക്കായി മുതിർന്ന ജില്ലാ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും കുട്ടികളുടെ കുടുംബങ്ങൾക്ക് സഹായവും പിന്തുണയും നൽകുമെന്നും ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ അറിയിച്ചു.










