ന്യൂഡൽഹി: അനന്തനാഗിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച മേജർ ആശിഷ് ധോഞ്ചക്കിന് വിട നൽകി ജന്മനാട്. പാനിപ്പത്തിൽ പുതുതായി നിർമ്മിച്ച വീടിലേക്ക് താമസം മാറാനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കി വരവെയാണ് അദ്ദേഹത്തിന്റെ വിയോഗം. ഒക്ടോബറിൽ വീടിന്റെ ഗൃഹപ്രവേശം നടത്താനും മേജർ ആശിഷ് ധോഞ്ചക് തീരുമാനിച്ചിരുന്നു.
ആശിഷ് എന്നും തങ്ങളുടെ ഹൃദയത്തിൽ ജീവിക്കും എന്ന മുദ്രാവാക്യത്തോടെയാണ് നാട്ടുകാർ അദ്ദേഹത്തിന്റെ ഭൗതികദേഹം സ്വീകരിച്ചത്. ഭാരതമാതാവിന്റെ ധീരപുത്രന് അഭിവാദ്യം അർപ്പിച്ചത് ആയിരങ്ങളാണ് ഇവിടെ തടിച്ചുകൂടിയത്. 1987 സെപ്റ്റംബർ 23ന് ജനിച്ച മേജർ ധോഞ്ചക് 2012ൽ ഇന്ത്യൻ ആർമിയുടെ സിഖ് ലൈറ്റ് യൂണിറ്റിലാണ് ആദ്യം ചേരുന്നത്.
ഇന്ന് രാജ്യം മുഴുവൻ ആശിഷിനെ ഓർത്ത് അഭിമാനിക്കുകയാണെന്നും, മകനെ നഷ്ടപ്പെട്ട ആ കുടുംബത്തോടൊപ്പം ഈ സമയം ഉണ്ടാകുമെന്നും ആശിഷിന്റെ ഉറ്റസുഹൃത്തായ നരേന്ദ്രസിംഗ് പറഞ്ഞു. അതിയായ ദു:ഖമുണ്ടെങ്കിലും രാജ്യത്തിന് വേണ്ടിയാണ് തങ്ങളുടെ മകൻ ജീവൻ ബലി നൽകിയത് എന്നത് അദ്ദേഹത്തിന്റെ പിതാവ് ആശ്വാസമായി കാണുകയാണെന്നും നരേന്ദ്രസിംഗ് പറയുന്നു.
Discussion about this post