കൊച്ചി : കോഴിക്കോട് നിപ്പ സ്ഥിരീകരിച്ചതോടെ ശബരിമല തീര്‍ത്ഥാടകര്‍ക്കായി പ്രത്യേക മാര്‍ഗ നിര്‍ദ്ദേശം പുറപ്പെടുവിക്കണമെന്ന് ഹൈക്കോടതി. കന്നിമാസ പൂജകള്‍ക്കായി മറ്റെന്നാള്‍ നട തുറക്കാനിരിക്കെയാണ് ഹൈക്കോടതിയുടെ ഇടപെടല്‍. ഇതുമായി ബന്ധപ്പട്ട കാര്യങ്ങളില്‍ ആവശ്യമെങ്കില്‍ ദേവസ്വം കമ്മീഷണറോട് ആലോചിച്ച് തീരുമാനമെടുക്കാന്‍ ആരോഗ്യ വകുപ്പ് സെക്രട്ടറിയോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലാണ് ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് തൊഴാന്‍ സൗകര്യമൊരുക്കിയിട്ടുള്ളത്. നിലവില്‍ 384,860 പേരാണ് ദര്‍ശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്. ഇത്രയധികം ആളുകള്‍ വരുന്നതിനാല്‍ ആവശ്യമായ എല്ലാ മുന്‍കരുതലുകളും എടുക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.
അതേസമയം, നിപ്പ സ്ഥിരീകരിച്ച കോഴിക്കോട്ട് കേന്ദ്ര സംഘം പരിശോധന തുടങ്ങി. നിപ്പ വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിനായി രോഗ ബാധിത പ്രദേശങ്ങളായ കുറ്റ്യാടി, കള്ളാട് മേഖലയിലാണ് പരിശോധന നടത്തുന്നത്. ആദ്യം രോഗം ബാധിച്ച് മരിച്ച മുഹമ്മദിന്റെ വീടും പരിസര പ്രദേശങ്ങളും സംഘം സന്ദര്‍ശനം നടത്തി. സംസ്ഥാന ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥരും കേന്ദ്ര സംഘത്തോടൊപ്പം ഉണ്ട്.








