ശ്രീനഗര്‍ : കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാനുമായി ചര്‍ച്ച നടത്താന്‍ വാദിക്കുന്നവരെ ജയിലില്‍ അടയ്ക്കേണ്ട സമയമായെന്ന് ബിജെപി കശ്മീര്‍ വക്താവ് അല്‍താഫ് താക്കൂര്‍. ഭീകരവാദവും സമാധാനചര്‍ച്ചകളും ഒരുമിച്ചു കൊണ്ടുപോകാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാക് അധീന കശ്മീരുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പാകിസ്താനുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കണമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റുമായ ഫാറൂഖ് അബ്ദുള്ളയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
“ഫാറൂഖ് അബദുള്ളയെ പോലെയുള്ളവരാണ് ഇവിടെ പാക്കിസ്ഥാന്റെ ആവശ്യത്തെ പിന്തുണയ്ക്കുകയും അതിനായി വാദിക്കുകയും ചെയ്യുന്നത്. പലതവണ പാകിസ്താനുമായി ഇന്ത്യ ചര്‍ച്ച നടത്തിയിട്ടുണ്ട്, പക്ഷെ അപ്പോഴൊക്ക പാകിസ്താന് നിലപാടുകളില്‍ നിന്ന് മലക്കം മറിയുകയും ഇന്ത്യയെ ആക്രമിക്കാന്‍ കൂട്ടു നില്‍ക്കുകയുമാണ് ചെയ്യുന്നത്. ഭീകരവാദവും സമാധാനചര്‍ച്ചകളും ഒരുമിച്ചു കൊണ്ടുപോകാന്‍ കഴിയില്ല”, അല്‍താഫ് പറഞ്ഞു. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യ-പാകിസ്താന് ചര്‍ച്ച വേണമെന്ന് വീണ്ടും വീണ്ടും ആവശ്യപ്പെടുന്നവരെ ജയിലില്‍ അടയ്ക്കുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, കശ്മീരിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പാകിസ്താനുമായി ചര്ച്ചയാണാവശ്യമെന്നാണ് ഫറൂഖ് അബ്ദുള്ളയുടെ നിലപാട്. സമാധാനം കൈവരിക്കാന്‍ യുദ്ധത്തിലൂടെയോ പൊരാട്ടത്തിലൂടെയോ കഴിയില്ലെന്നും അതിനായി പാകിസ്താനുമായി സമാധാന ചര്‍ച്ചകള്‍ക്ക് ഇന്ത്യ മുന്‍ കൈയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post