ന്യൂഡൽഹി; അനന്ത്നാഗിൽ ഭീകരർ തമ്പടിച്ച കുന്ന് സൈന്യം വളഞ്ഞു. എഴുപത്തി രണ്ട് മണിക്കൂറുകൾ പിന്നിട്ടിട്ടും ശക്തമായ ഏറ്റുമുട്ടൽ തുടരുകയാണ്. മൂന്നിൽ കൂടുതൽ ഭീകരർ ഗുഹയിൽ ഒളിച്ചിരിക്കുന്നതായാണ് നിഗമനം.ലഷ്കർ കൊടും ഭീകരൻ ഉസൈർഖാനാണ് ആക്രമണത്തിന് നേതൃത്വം നൽകുന്നതെന്ന് സൈന്യത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
ഇസ്രായേൽ നിർമ്മിത ഹെറോൺ ഡ്രോണുകളും ലോഞ്ചറുകളും ഉപയോഗിച്ചാണ് സൈന്യം പ്രതിരോധം ശക്തമാക്കുന്നത്. ഭീകരർ ഒളിച്ചിരിക്കുന്ന മലമുകളിലേക്ക് രണ്ട് ദിവസം മുൻപ് തന്നെ സൈന്യം നേരിട്ട് കയറുകയായിരുന്നു. ഒളിച്ചിരുന്ന ഭീകരർ സൈന്യത്തിന് നേരെ ശക്തമായ വെടിവെയ്പ്പ് ആരംഭിച്ചു.
എന്നാൽ പാത വളരെ ഇടുങ്ങിയതും കുത്തനെ ഉള്ളതുമായതിനാൽ തിരിച്ചടിക്കാൻ പ്രയാസമായിരുന്നു. ഇടുങ്ങിയ പാതയായതിനാൽ തിരിച്ചടിക്കാൻ ശ്രമിച്ചാൽ കുന്നിൻ മുകളിൽ നിന്ന് താഴേക്ക് വീഴാനുള്ള സാധ്യതയും വളരെ കൂടുതലായിരുന്നു. ഇക്കാരണത്താൽ തിരിച്ചടിക്കാൻ മാർഗങ്ങളില്ലായിരുന്നു. പ്രദേശത്തെ കുറിച്ച് നല്ല അറിവുള്ളതാണ് ഇവിടം തന്നെ തിരഞ്ഞെടുക്കാൻ ഭീകരരെ പ്രേരിപ്പിച്ച പ്രധാന ഘടകം.
അനന്ത്നാഗിലെ കൊകേരാങിലെ ഗാദുൽ വനത്തിലാണ് ഭീകരർ ഒളിച്ചിരിക്കുന്നതെന്ന വിവരമാണ് സൈന്യത്തിന് ആദ്യം ലഭിച്ചത്. ഉടൻ തിരച്ചിൽ ആരംഭിച്ചെങ്കിലും ഭീകരരെ കണ്ടെത്താനായില്ല. പിന്നീട് സൈന്യത്തിൻറെയും പോലീസിൻറെയും സംയുക്ത സംഘമാണ് ഭീകരർ കുന്നിൻ മുകളിലാണെന്ന് കണ്ടെത്തിയത്.
ഇതോടെ സൈന്യം കുന്നിൻ മുകളിലെ ഗുഹ ലക്ഷ്യമാക്കി നീങ്ങുകയായിരുന്നു. ഗുഹയിൽ ഭീകരർക്ക് ആവശ്യത്തിന് ആയുധങ്ങളും ഭക്ഷണങ്ങളും ഉള്ളതായി സൈന്യത്തിന് വിവരം ലഭിച്ചിട്ടുണ്ട്. പാക് അതിർത്തിയിൽ നിന്നുള്ള ശക്തമായ പിന്തുണ ഇക്കാര്യത്തിൽ ഭീകരർക്ക് ലഭിച്ചതായാണ് സൈന്യത്തിന് കിട്ടിയ വിവരം.
അനന്തനാഗ് ഏറ്റുമുട്ടലിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു സൈനികന് കൂടി വീരമൃത്യു വരിച്ചു. ബുധനാഴ്ചയാണ് സൈനികരും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. അനന്തനാഗ് ജില്ലയിലെ കൊകേരാങ് ഏരിയയിലാണ് സംഭവം.
രാഷ്ട്രീയ റൈഫിൾസ് യൂണറ്റിന്റെ ചുമതലയുള്ള കമാൻഡിങ് ഓഫീസർ കേണൽ മൻപ്രീത് സിങ്, ആർമി മേജർ ആശിഷ് ധോനാക്, ജമ്മുകശ്മീർ ഡി.എസ്.പി ഹുമയുൺ ഭട്ട്, റൈഫിൾമാൻ രവികുമാർ എന്നീ സൈനികരാണ് വീരമൃത്യുവരിച്ചത്. ഇതിന് പിന്നാലെ ഭീകരർക്കായുള്ള തെരച്ചിൽ സൈന്യം ഊർജിതമാക്കുകയായിരുന്നു.










