കോഴിക്കോട്: നിപ ഭീഷണിയിൽ കടുത്ത ജാഗ്രതാ നിർദ്ദേശം നിലനിൽക്കുന്ന കോഴിക്കോട് സാധാരണ ജനജീവിതത്തെയും വൈറസ് ഭീതി സാരമായി ബാധിച്ചിരിക്കുന്നു. വൈറസ് വ്യാപനത്തെക്കുറിച്ച് കടുത്ത ആശങ്കകളാണ് ജനങ്ങളിൽ ബാധിച്ചിരിക്കുന്നത്. രോഗം ബാധിച്ച പഴംതീനി വവ്വാലുകളിൽ നിന്നാണ് വൈറസ് ബാധ എന്നതിനാൽ അവ കടിച്ച പഴങ്ങൾ കഴിക്കരുതെന്ന് സർക്കാർ മാർഗ്ഗനിർദ്ദേശം ഉണ്ടായിരുന്നു. വിപണിയിൽ പഴങ്ങളുടെ ആവശ്യകത കുറഞ്ഞതുകൊണ്ടു തന്നെ ഇത് വിൽപ്പനയെയും കാര്യമായി ബാധിച്ചു. കടുത്ത നഷ്ടമാണ് ഇതുമൂലം കഴിഞ്ഞ ദിവസങ്ങളിൽ വ്യാപാരികൾക്ക് ഉണ്ടായിരിക്കുന്നത്. വിളവെടുക്കാനിരിക്കുന്ന പഴങ്ങളും വവ്വാൽ ഭീതി മൂലം നശിച്ചു പോകുമോ എന്ന ആശങ്കയും നിലനിൽക്കുന്നു.
നിപ വൈറസ് വ്യാപനം വരുന്നതിനു മുൻപ് പഴങ്ങൾ വാങ്ങിവെച്ച പല വ്യാപാരികളും സ്റ്റോക്ക് വിറ്റഴിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. പകുതിയിലധികം വിൽപ്പന കുറഞ്ഞതായും ഇങ്ങനെ പോയാൽ ജീവിതം വഴിമുട്ടുന്ന അവസ്ഥയിലെത്തുമെന്നും അവർ പറഞ്ഞു. നാടൻ പഴങ്ങൾക്ക് മാത്രമല്ല; കേരളത്തിനു പുറത്തു നിന്നു വരുന്ന പഴങ്ങൾക്കും വിപണിയിൽ താല്പര്യം കുറഞ്ഞു. വില വളരെ കുറഞ്ഞിട്ടും വിപണിയിൽ ആവശ്യക്കാർ കുറവാണ്. വളരെ സൂക്ഷിച്ചാണ് തങ്ങൾ പഴങ്ങൾ തെരഞ്ഞെടുക്കുന്നത്. വവ്വാലുകൾ കടിച്ച പഴങ്ങൾ ആരും വിൽപ്പനയ്ക്ക് വെക്കുന്നില്ല. അന്യസംസ്ഥാനങ്ങളിൽ നിന്നു കൊണ്ടുവരുന്ന പഴങ്ങൾ ധൈര്യമായി കഴിക്കാമെന്നും ആശങ്ക വേണ്ടെന്നും വ്യാപാരികൾ പറയുന്നു.
വലിയ രീതിയിൽ റമ്പൂട്ടാൻ കൃഷി നടത്തുന്നവരാണ് പ്രശ്നങ്ങൾ കൂടുതൽ അഭിമുഖീകരിക്കുന്നത്. വൻ തുകയ്ക്ക് കരാർ നൽകിയിരുന്ന പഴങ്ങൾ വിളവെടുപ്പിന് തയ്യാറായിരിക്കുന്നു. എന്നാൽ ഏറ്റെടുക്കാമെന്ന് പറഞ്ഞിരുന്നവർ നിപ ഭീഷണി വന്നതിനു ശേഷം വാങ്ങിക്കാൻ എത്തുന്നില്ല.വൻ പ്രതിസന്ധിയാണ് കർഷകർക്ക് ഇതുമൂലം വരാൻ പോകുന്നത്.പതിനഞ്ചു ദിവസം കൂടെ കഴിഞ്ഞാൽ അതെല്ലാം കൊഴിഞ്ഞു പോയി തങ്ങളുടെ അധ്വാനത്തിൻ്റെ ഫലം തന്നെ ഇല്ലാതാവും എന്നാണ് കർഷകരുടെ ആശങ്ക.
Discussion about this post