ശ്രീനഗർ: മാദ്ധ്യമപ്രവർത്തകനും ടെലിവിഷൻ ചർച്ചകളിൽ കശ്മീരിലെ രാാഷ്ട്രീയ നിരീക്ഷകനുമായ മജീദ് ഹൈദരിയെ അറസ്റ്റ് ചെയ്തതിനെ വിമർശിച്ച് പി ഡി പി നേതാവ് മെഹബൂബ മുഫ്തി. കശ്മീരിലെ പീൽബാർഗ് പ്രാദേശിക കോടതിയാണ് അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടത്. പത്രപ്രവർത്തകനായ ഹൈദരി നിരവധി പ്രസിദ്ധീകരണങ്ങളിലും വാർത്താപോർട്ടലുകളിലും പ്രവർത്തിച്ചിട്ടുണ്ട്.പ്രമുഖ വാർത്താചാനലുകളിൽ സ്ഥിരമായി രാഷ്ട്രീയവിശകലനവും നടത്തിയിരുന്നു. ക്രിമിനൽ ഗൂഢാലോചന, ഭീഷണിപ്പെടുത്തൽ, തെറ്റായ വിവരങ്ങൾ നൽകൽ, പണം കൊള്ളയടിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഹൈദരിക്കെതിരെ കുറ്റം ചുമത്തിയിട്ടുള്ളത്.
സത്യം വിളിച്ചു പറയുന്ന മാദ്ധ്യമപ്രവർത്തകനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണു നടക്കുന്നത്. അതിനു പുറകിൽ ചില രഹസ്യാന്വേഷണ ഏജൻസികളാണു പ്രവർത്തിക്കുന്നത്. ഒരു തീവ്രവാദിയെപ്പോലെയാണ് ഹൈദരിയെ വീട്ടിൽ നിന്നു വലിച്ചിഴച്ചു കൊണ്ടുപോയത്.വാറണ്ട് കാണിക്കണമെന്ന് അമ്മയും സഹോദരിയും ആവശ്യപ്പെട്ടിട്ടു പോലും കാണിച്ചില്ല. ഇത് രഹസ്യാന്വേഷണ ഏജൻസികളും അയാളുടെ എതിരാളികളും ഒത്തുചേർന്നുള്ള കളിയാണെന്നും മെഹബൂബ മുഫ്തി ട്വിറ്ററിൽ പറഞ്ഞു.
എന്നാൽ എല്ലാ നിയമവും പാലിച്ചാണ് ഹൈദരിയെ അറസ്റ്റ് ചെയ്തതെന്ന് പൊലീസും മറ്റൊരു ട്വീറ്റിലൂടെ അറിയിച്ചു. കോടതിയുടെ ഉത്തരവനുസരിച്ചാണ് അറസ്റ്റ് നടത്തിയത്.അതിൽ മറ്റൊരു ഗൂഢാലോചനയും ഇല്ല.കുടുംബത്തെ കോടതിയുടെ ഉത്തരവിൻ്റെ പകർപ്പു കാണിച്ചതിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.നിക്ഷിപ്ത താല്പര്യക്കാർ പല പ്രചാരണങ്ങളും നടത്തുന്നുണ്ട്. അത് വിശ്വസിക്കരുത് എന്ന് പൊലീസും ട്വിറ്ററിലൂടെ മറുപടി നൽകി.
Discussion about this post