കോഴിക്കോട് നിപ പ്രതിരോധത്തിൽ സംസ്ഥാന സർക്കാരിന്റെ വീഴ്ചകളെ വിമർശിച്ച മാദ്ധ്യമത്തിനെതിരെ വിമർശനവുമായി ആരോഗ്യമന്ത്രി. പ്രതിരോധ പ്രവർത്തനങ്ങളിലെ മെല്ലപ്പോക്കിൽ ആരോഗ്യ വകുപ്പിനെ വിമർശിച്ചതിന്റെ പേരിലാണ് മന്ത്രിയുടെ പ്രതികരണം. നിപ പ്രതിരോധത്തിൽ എല്ലാവരും സംസ്ഥാന സർക്കാരിനെ പുകഴ്ത്തുകയാണെന്ന് അവകാശപ്പെട്ടുകൊണ്ടാണ് മന്ത്രിയുടെ എഫ്ബി പോസ്റ്റ്. മനോരമ പത്രത്തിനെതിരെയാണ് സമൂഹമാദ്ധ്യമത്തിലൂടെ മന്ത്രി രംഗത്തെത്തിയത്.
രോഗനിയന്ത്രണത്തിന് ആരോഗ്യപ്രവർത്തകർ അഹോരാത്രം പരിശ്രമിക്കുമ്പോഴാണ് മനോരമ പത്രം ഇത്തരം വാർത്തകൾ നൽകുന്നത്. തെറ്റായതും വളച്ചൊടിച്ചതുമായ വാർത്തകൾ നൽകരുതെന്നും അത് ഉത്തരവാദിത്തമുള്ള ഒരു മാദ്ധ്യമത്തിനു ചേർന്നതല്ല എന്നും മന്ത്രി തൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.’നിപ പ്രതിരോധം പാളി…സമ്പർക്കപ്പട്ടിക ഉണ്ടാക്കുന്നതിൽപ്പോലും മെല്ലെപ്പോക്ക്’ എന്നാണ് മനോരമ വാർത്തയ്ക്ക് തലക്കെട്ട് നൽകിയിരിക്കുന്നത്. രണ്ടു ആക്ഷേപങ്ങളാണ് മനോരമയുടേത്.ഒന്ന് സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടാത്ത ആൾ പൊസിറ്റീവ് ആയി എന്നത്.മറ്റേത് സ്രവപരിശോധനയ്ക്ക് സാമ്പിൾ അയച്ചതിൽ പ്രോട്ടോക്കോൾ പാലിച്ചില്ല എന്നതും.
അവസാനം പോസിറ്റീവ് ആയ വ്യക്തിക്ക് രോഗബാധ സംഭവിച്ചത് ആരോഗ്യവകുപ്പ് തയ്യാറാക്കിയ റൂട്ട് മാപ്പിൽ പെട്ട സ്ഥലത്തു നിന്നുതന്നെ ആയിരുന്നു. അതൊരു ആശുപത്രിയാണ്.അവിടെയുള്ള എല്ലാ ആരോഗ്യപ്രവർത്തകരും രോഗികളും സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടിരുന്നു.എന്നാൽ അയാൾ അവിടെ വന്നത് ഒരു രോഗിയുടെ കൂട്ടിരിപ്പുകാരനായിട്ടായിരുന്നു.തിരക്കുവർദ്ധിച്ചപ്പോളാണ് അയാൾക്കും രോഗം ബാധിച്ചത്. രോഗം പകരാനിടയുള്ള സ്ഥലങ്ങൾ പൊതുമീഡിയയിൽ പ്രസിദ്ധീകരിച്ചിരുന്നു. അവിടെയുള്ളവർ കൺട്രോൾ റൂമിൽ റിപ്പോർട്ട് ചെയ്യണമെന്നും അപേക്ഷിച്ചിരുന്നതാണെന്നും മന്ത്രി പറഞ്ഞു.
വളരെയധികം കഷ്ടപ്പാടുള്ള ജോലിയാണ് സമ്പർക്കപ്പട്ടിക തയ്യാറാക്കുന്നത്.2018 ഇൽ സർക്കാർ നടത്തിയ സ്തുത്യർഹമായ പ്രവർത്തനങ്ങളിൽ രോഗബാധയുള്ളതായി കണ്ടെത്തിയത് അതിനകം സമ്പർക്കപ്പട്ടികയിൽ പെട്ടവരായിരുന്നില്ല. എന്നാൽ ഇത്തവണ രോഗവ്യാപനം ശ്രദ്ധയിൽപ്പെട്ടതിനു ശേഷം കണ്ടെത്തിയ രണ്ടു രോഗികളിൽ ഒരാൾ ആരോഗ്യവകുപ്പിൻ്റെ പട്ടികയിലെ സമ്പർക്കപ്പട്ടികയിൽനിന്നു തന്നെ ആയിരുന്നു. മാത്രമല്ല ആദ്യരോഗിക്ക് തന്നെ നിപയായിരുന്നു എന്ന് ഉറപ്പാക്കാനും സാധിച്ചു.
നിപ സ്ഥിരീകരിച്ച വ്യക്തിയുടെ സ്രവം പരിശോധനയ്ക്കായി വൈറോളജി ലാബിലേക്ക് അയച്ചതിൽ പ്രോട്ടോക്കോൾ പാലിച്ചില്ല എന്നതും വാസ്തവവിരുദ്ധമായ ആരോപണമാണ്. നിപ ബാധിച്ചു മരണമടഞ്ഞ ആൾ ചികിൽസയ്ക്കായി എത്തിയ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരായ രണ്ടു പേരെ സർവേയിലൂടെ കണ്ടെത്തുകയും സ്രവം പരിശോധനയ്ക്കായി എടുക്കുകയും ചെയ്തു.പിന്നീട് സ്രവം എറണാകുളത്ത് എത്തിക്കുകയും അവിടുന്ന് പൂനെയിലേക്കും അയച്ചു.പരിശോധനാഫലം ബുധനാഴ്ച ലഭിക്കുകയും ചെയ്തു.സാമ്പിൾ അയക്കുന്നതിൽ കാലതാമസവും ആശയക്കുഴപ്പവും വന്നിട്ടില്ല എന്നും മന്ത്രി അറിയിച്ചു.
Discussion about this post