യൂജിൻ: ഡയമൺഡ് ലീഗ് ചാമ്പ്യൻഷിപ്പ് ജാവലിൻ ത്രോയിൽ ഇന്ത്യയുടെ നീരജ് ചോപ്രക്ക് വെള്ളി. ഫൈനലിൽ 83.80 മീറ്റർ താണ്ടിയാണ് നീരജ് രണ്ടാം സ്ഥാനത്ത് എത്തിയത്. ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാഡ്ലെക്കിനാണ് സ്വർണം.
ഈ സീസണിൽ ആദ്യമായാണ് നീരജ് 85 മീറ്ററിൽ താഴെ എറിയുന്നത്. യൂജിനിലെ ശക്തമായ കാറ്റ് വീശുന്ന സാഹചര്യം നീരജിന്റെ പ്രകടനത്തെ പ്രതികൂലമായി ബാധിച്ചതോടെയാണ് കഴിഞ്ഞ തവണത്തെ സ്വർണ മെഡൽ ജേതാവായ ഇന്ത്യൻ താരം രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്.
ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിലും ടോക്യോ ഒളിമ്പിക്സിലും നീരജ് ചോപ്രക്ക് പിന്നിൽ ഫിനിഷ് ചെയ്ത യാക്കൂബ് വാഡ്ലെക്കിന്റെ മൂന്നാം ഡയമൺഡ് ലീഗ് സ്വർണ നേട്ടമാണ് ഇത്. 84.24 മീറ്റർ ആയിരുന്നു ദൂരം. ബുഡാപെസ്റ്റിലെ ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ വെങ്കലവും ടോക്യോ ഒളിമ്പിക്സിൽ വെള്ളിയുമായിരുന്നു വാഡ്ലെക്കിന്റെ നേട്ടം.
ദോഹ, ലുസെയ്ൻ ഡയമൺഡ് ലീഗുകളിൽ 89 മീറ്ററായിരുന്നു നീരജ് ചോപ്രയുടെ മികച്ച ദൂരം. ബുഡാപെസ്റ്റിൽ 88.17 മീറ്ററായിരുന്നു നേട്ടം. 2018ലെ ഏഷ്യൻ ഗെയിംസ് ചാമ്പ്യനായ നീരജിന്റെ അടുത്ത വേദി ചൈനയിലെ ഹാംഗ്ഷൂ ഏഷ്യൻ ഗെയിംസാണ്.
Discussion about this post