കശ്മീർ:ജമ്മു കശ്മീരിലെ ഉധംപൂരിൽ 90 മുതൽ 92 ലക്ഷം രൂപ വരെ വിലമതിക്കുന്ന 307 കിലോ ഗുച്ചി(കാട്ടുകൂൺ) പിടികൂടി. വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കൂൺ പിടിച്ചെടുത്തത്. വാഹനത്തിൽ കൂൺ കടത്താൻ ശ്രമിച്ചപ്പോഴാണ് പിടികൂടിയതെന്ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് വാഹനം തടഞ്ഞുനിർത്തി പരിശോധിച്ചത്. അനധികൃതമായി കടത്താനുള്ള ശ്രമമാണ് ഉദ്യോഗസ്ഥർ തടഞ്ഞത്. ലോകത്തിലെ ഏറ്റവും വിലയേറിയ കൂണായിട്ടാണ് ഗുച്ചി കൂൺ കണക്കാക്കപ്പെടുന്നത്. കിലോയ്ക്ക് ഏകദേശം 25,000 മുതൽ 30,000 വരെയാണ് ഇതിന്റെ വിപണി മൂല്യം. പിടിച്ചെടുത്ത കൂണിന് 92 ലക്ഷം രൂപ വില വരുമെന്നാണ് വിവരം.
കാട്ടുകൂൺ ആയ ഗുച്ചി കൃഷി ചെയ്ത് ഉണ്ടാക്കാൻ സാധിക്കില്ല. ഉയർന്ന മേഖലകളിൽ വളരുന്ന ഇവയ്ക്ക് വളരാൻ പ്രത്യേകതരം മണ്ണ് ആവശ്യമാണ്. ഈർപ്പത്തിന്റെ അളവ്, താപനില എന്നിവയിലും കൃത്യമായ കണക്കുണ്ട്. അതുകൊണ്ട് തന്നെ ഇവ കിട്ടുന്നതും എളുപ്പമല്ല. ഗുച്ചി കൂണുകളുടെ ദൗർലഭ്യമാണ് അവയുടെ ഉയർന്ന വിലയ്ക്ക് കാരണം.
Discussion about this post