റിയാദ്: യുനസ്കോയുടെ ലോകപൈതൃകപ്പട്ടികയിൽ സ്ഥാനം നേടുന്ന നാല്പത്തിയൊന്നാമത്തെ പൈതൃകസ്ഥാനമായി ഭാരതത്തിലെ ശാന്തിനികേതൻ. സൗദി അറേബ്യയിലെ റിയാദിൽ വെച്ച് നടന്ന നാൽപ്പത്തിയഞ്ചാം ലോകസമിതിയിലായിരുന്നു ഇതിൻ്റെ പ്രഖ്യാപനം.പ്രഖ്യാപനത്തെക്കുറിച്ച് ട്വിറ്ററിലൂടെ യുനസ്കോയും അറിയിച്ചു.
മഹാകവി രവീന്ദ്രനാഥ് ടാഗോറിൻ്റെ പിതാവ് ദേവേന്ദ്രനാഥ് സ്ഥാപിച്ച ശാന്തിനികേതൻ ബംഗാളിലെ ബീർഭൂം ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. 1863 ൽ അദ്ദേഹം ആശ്രമമായി സ്ഥാപിച്ച ശാന്തിനികേതൻ പിന്നീട് രവീന്ദ്രനാഥ ടാഗോർ 1901 ഇൽ റെസിഡൻഷ്യൽ സ്കൂൾ മാതൃകയിൽ വിദ്യാലയമാക്കി ഉയർത്തി.ഭാരതീയ സംസ്കാരത്തിലും പാരമ്പര്യത്തിലും അധിഷ്ഠിതമായ കലകളുടെ പ്രോത്സാഹനമായിരുന്നു ലക്ഷ്യം. പ്രാചീന ഭാരതീയ അദ്ധ്യാപനരീതിയായ ഗുരുകുലസമ്പ്രദായത്തിലായിരുന്നു ഇവിടെ പഠനം. പിന്നീട് 1921 ൽ ഇത് വിശ്വഭാരതി സർവ്വകലാശാലയായി ഉയർത്തി. നൊബേൽ സമ്മാനത്തിന് അർഹമാക്കിയ ഗീതാഞ്ജലി ടാഗോർ എഴുതിയത് ഇവിടെ വെച്ചായിരുന്നു.
ഭാരതം വളരെയധികം സന്തോഷിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന ദിവസമാണിതെന്ന് യുനസ്കോയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി വിശാൽ വി വർമ്മ പറഞ്ഞു. ശാന്തിനികേതനെ ലോകപൈതൃകപ്പട്ടികയിൽ ഉൾപ്പെടുത്തിയതിന് രാജ്യത്തിനു വേണ്ടി താൻ നന്ദി പറയുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനമാണിന്ന്. ശാന്തിനികേതൻ്റെ ചാൻസലർ ആയതിനാൽത്തന്നെ അദ്ദേഹത്തിന് ലഭിച്ച ഏറ്റവും വലിയ ജന്മദിനസമ്മാനം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.’യത്ര വിശ്വം ഭവത്യേക നീഡം’ എന്ന ശാന്തിനികേതൻ്റെ മുദ്രാവാക്യമായ സംസ്കൃതവാക്യം അദ്ദേഹം ഉദ്ധരിച്ചു. ലോകത്തിനു മുഴുവൻ ഒരു പക്ഷിക്കൂടിൽ ഒത്തു ചേരാം.ഞങ്ങൾ എല്ലാവരെയും ക്ഷണിക്കുകയാണ്. ശാന്തിനികേതൻ സന്ദർശിക്കാനും ഇവിടം വിഭാവനം ചെയ്യുന്ന സാർവ്വത്രികതയെ അറിയാനും അദ്ദേഹം പറഞ്ഞു. തുടർന്ന് ബംഗാളി ഭാഷയിൽ അദ്ദേഹം ഭാരതീയരെ അഭിനന്ദിച്ചു.
എല്ലാ ഭാരതീയർക്കും അഭിമാന നിമിഷമാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും പറഞ്ഞു.ശാന്തിനികേതൻ രവീന്ദ്രനാഥ ടാഗോറിൻ്റെ ദർശനങ്ങളുടെയും ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിൻ്റെയും ഉത്തമരൂപമാണ്. അതിൽ ഭാരതീയരെല്ലാം വളരെയധികം സന്തോഷിക്കുന്നു. വിദേശകാര്യമന്ത്രി എസ് ജയങ്കറും തൻ്റെ സന്തോഷം അറിയിച്ചു.നമ്മുടെ ആദ്യത്തെ നൊബേൽ സമ്മാനജേതാവ് രവീന്ദ്രനാഥ് ടാഗോറിനും അദ്ദേഹത്തിൻ്റെ സന്ദേശങ്ങൾ ഇപ്പൊഴും സജീവമാക്കി നിർത്തുന്ന എല്ലാവർക്കും തൻ്റെ കൂപ്പുകൈ എന്നാണ് മന്ത്രി ട്വിറ്ററിലൂടെ അറിച്ചത്.
Discussion about this post