വെള്ളത്തിലൂടെ ചിറക്കുകൾ ഉപയോഗിച്ച് നീന്തുന്നതിന് പകരം കൈകൾ കൊണ്ട് നടന്നുനീങ്ങുന്ന മീൻ. ചില കാർട്ടൂൺ ചിത്രങ്ങളിൽ മാത്രമാകും നമ്മൾ ഇത്തരം രംഗങ്ങൾ കാണാറുള്ളത്. എന്നാൽ യഥാർത്ഥത്തിൽ കൈകളുള്ള മത്സ്യത്തെയാണ് ഇപ്പോൾ ഓസ്‌ട്രേലിയയിൽ കണ്ടെത്തിയിരിക്കുന്നത്.
ഓസ്‌ട്രേലിയയിലെ ടാസ്മാനിയയിൽ പ്രൈംറോസ് സാന്റ്‌സിലെ ബീച്ചിലൂടെ ജോഗിംഗ് ചെയ്തുകൊണ്ടിരുന്ന കെറി യാറെ എന്ന വനിതയാണ് ഈ വിചിത്ര മത്സ്യത്തെ കണ്ടെത്തിയത്. വംശനാശം സംഭവിച്ച് ഭൂമിയിൽ നിന്ന് അപ്രത്യക്ഷമായെന്ന് കരുതപ്പെട്ട മത്സ്യമാണ് 20 വർഷങ്ങൾക്ക് ശേഷം ഇതാ തിരിച്ചെത്തിയിരിക്കുന്നത്.
ആദ്യം കണ്ടപ്പോൾ പഫർ ഫിഷ്, ടോഡ് ഫിഷ് തുടങ്ങിയ ജീവികളിൽ ഏതെങ്കിലുമാണെന്നാണ് കരുതിയത്. എന്നാൽ അടുത്ത് ചെന്ന് നോക്കിയപ്പോഴാണ് മീനിന്റെ കൈകൾ ശ്രദ്ധയിൽപ്പെട്ടത് എന്ന് കെറി പറഞ്ഞു.
സമുദ്രത്തിന്റെ അടിത്തട്ടിൽ ജീവിക്കുന്ന സ്പോട്ടഡ് ഹാൻഡ് ഫിഷ് എന്ന മത്സ്യമാണിത്. കൈകളുടെ ആകൃതിയിലുളള ചിറകുകൾ ഉപയോഗിച്ച് ഇവ സമുദ്രത്തിന്റെ അടിത്തട്ടിലൂടെ നടന്നുനീങ്ങും. 20 വർഷങ്ങൾക്ക് മുൻപ് നടത്തിയ തിരച്ചിലിൽ ഇവയെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഈ ഇനത്തിൽപ്പെട്ട 2,000 മത്സ്യങ്ങൾ മാത്രമാണ് ഭൂമിയിലുളളത് എന്ന് കോമൺവെൽത്ത് സയന്റിഫിക് ആന്റ് ഇൻഡസ്ട്രിയൽ റിസേർച്ച് ഓർഗനൈസേഷനിലെ കാർലി ഡെവൈൻ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും മത്സ്യത്തെ കണ്ടെത്തിയതോടെ വീണ്ടും പ്രതീക്ഷ ഉയർന്നിരിക്കുകയാണ്.
ലോകത്ത് 14 ഇനം ഹാൻഡ്ഫിഷുകളുണ്ടെന്നു കരുതപ്പെടുന്നു. ഇതിൽ 7 എണ്ണം ടാസ്മാനിയയിലാണ്. നടക്കുന്നതു കൂടാതെ തങ്ങളുടെ മുട്ടകൾ വൃത്തിയാക്കി വയ്ക്കാനും ഇവ ഈ കൈകൾ പോലെയുള്ള ചിറകുകൾ ഉപയോഗിക്കും.
Discussion about this post