ന്യൂഡൽഹി : ‘പഴയ പാർലമെന്റ്’ എന്ന പ്രയോഗം ഖേദകരമാണെന്നും മന്ദിരം ഇനി ‘സംവിധാൻ സദൻ’ എന്നറിയപ്പെടുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭരണഘടനാ ഭവനം എന്ന അർത്ഥത്തിലാണ് ‘സംവിധാൻ സദൻ’ എന്ന പേര് നൽകിയിരിക്കുന്നത്. പഴയ പാർലമെന്റ് മന്ദിരത്തിൽ വെച്ചുള്ള അവസാന പ്രസംഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പേര് പ്രഖ്യാപിച്ചത്.
“പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് പ്രവേശിക്കുമ്പോഴും ഈ പഴയ മന്ദിരത്തിന്റെ മഹത്വം ഒരിക്കലും കുറയരുത്. അതിനാൽ ഈ മന്ദിരത്തെ പഴയ പാർലമെന്റ് എന്നല്ല വിളിക്കേണ്ടത്. എല്ലാവരുടെയും അനുമതിയോടെ ഈ മന്ദിരം ‘സംവിധാൻ സദൻ’ എന്നറിയപ്പെടണമെന്ന് ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. ഒരിക്കൽ ഇരുന്ന ആ മഹാന്മാരുടെ ഓർമ്മകൾ. ഈ മന്ദിരം എല്ലാവർക്കും പ്രചോദനാത്മകമാണ്. രാജ്യത്തിന്റെ ഭരണഘടന അവതരിക്കപ്പെട്ട ഇടമാണിത്. വരും തലമുറകൾക്ക് ഇതൊരു സമ്മാനമായി നൽകാനുള്ള അവസരം നാം ഉപേക്ഷിക്കരുത്,” എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
1927-ൽ ആണ് പഴയ പാർലമെന്റ് മന്ദിരം നിർമ്മിക്കപ്പെടുന്നത്. ബ്രിട്ടീഷ് വാസ്തുശില്പികളായ സർ എഡ്വിൻ ലൂട്ടിയൻസും ഹെർബർട്ട് ബേക്കറും ചേർന്നാണ് കെട്ടിടത്തിന്റെ രൂപകല്പന നിർവഹിച്ചത്. 96 വർഷം പഴക്കമുള്ള ഈ മന്ദിരം ഇന്നത്തെ ആവശ്യങ്ങൾക്ക് അപര്യാപ്തമായതിനാലാണ് പാർലമെന്റ് പുതിയ കെട്ടിടത്തിലേക്ക് മാറുന്നത്.
Discussion about this post