ന്യൂഡൽഹി: വനിതാ സംവരണ ബില്ലിന്മേൽ ലോക്സഭയിൽ ഇന്ന് ചർച്ച നടക്കും. പുതിയ പാർലമെന്റ് മന്ദിരത്തിൽ ആദ്യ ബില്ലായി വനിതാ സംവരണ ബിൽ ഇന്നലെ അവതരിപ്പിച്ചിരുന്നു. 128ാം ഭരണഘടനാ ഭേദഗതിയായാണ് കേന്ദ്ര നിയമമന്ത്രി അർജുൻ രാം മേഘ്വാൾ ലോക്സഭയിൽ ബിൽ അവതരിപ്പിച്ചത്. ഭരണപക്ഷത്ത് നിന്ന് മന്ത്രി സ്മൃതി ഇറാനിയും പ്രതിപക്ഷത്ത് നിന്ന് സോണിയ ഗാന്ധിയും ആദ്യം ചർച്ചയിൽ പങ്കെടുക്കുമെന്നാണ് വിവരം. ബിൽ നാളെ രാജ്യസഭയിൽ ചർച്ചയ്ക്ക് വയ്ക്കും.
വനിതാ സംവരണം നിലവിൽ വന്നാൽ ലോക്സഭയിലെ വനിതാ എംപിമാരുടെ എണ്ണം 82ൽ നിന്ന് 181 ആയി ഉയരുമെന്ന് നിയമമന്ത്രി അർജുൻ റാം മേഘ്വാൾ പറഞ്ഞു. നിയമനിർമാണ സഭകളിലേക്കുള്ള തിരഞ്ഞെടുപ്പുകളിൽ മൂന്നിലൊന്ന് സീറ്റിൽ സ്ത്രീകൾക്ക് സംവരണം ഉറപ്പാക്കുന്നതാണ് വനിതാ സംവരണബിൽ. അതുവഴി ലോക്്സഭയിലും സംവരണം ഉറപ്പാകും.
ബിൽ പ്രകാരം പട്ടിക ജാതി-വർഗ സംവരണ സീറ്റുകളിലും മൂന്നിലൊന്ന് സീറ്റ് ആ വിഭാഗങ്ങളിൽനിന്നുള്ള സ്ത്രീകൾക്കായി മാറ്റിവയ്ക്കണം. ഈ സംവരണ സീറ്റുകൾ ചാക്രിക ക്രമത്തിൽ മാറും.
Discussion about this post