ന്യൂഡൽഹി: വനിതാ സംവരണ ബില്ലിന് പിന്തുണ അറിയിച്ച് ബിജെപി എംപിയും നടിയുമായ ഹേമമാലിനി. സെപ്തംബർ 19 ഒരു ചരിത്ര ദിനമായി മാറിയെന്നും ഹേമമാലിനി പറയുന്നു. വനിതാ സംവരണ ബിൽ എത്രയും വേഗം പാസാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ ലോക്‌സഭയിൽ വനിതകളായി ഞങ്ങൾ 81 എംപിമാരാണ് ഉള്ളത്. പക്ഷേ പുതിയ ബിൽ നിയമമാകുന്നതോടെ ഞങ്ങളുടെ എണ്ണം 181 ആയി കൂടും.
സ്ത്രീ പ്രാതിനിധ്യം വർധിക്കും. സ്ത്രീകൾ ഇന്ന് എല്ലാ മേഖലകളിലും മുന്നിട്ട് നിൽക്കുന്നവരാണ്. അവർക്ക് പറക്കാനുള്ള ആകാശം ഇവിടെ തുറന്നിട്ടിരിക്കുകയാണ്. അവർ ധൈര്യപൂർവ്വം മുന്നോട്ട് വരണമെന്നും ഹേമമാലിനി പറഞ്ഞു. നാരി ശക്തി വന്ദൻ അധീനിയം എന്നാണ് വനിതാ സംവരണ ബില്ലിന് പേര് നൽകിയത്. ഇത് പാസാകുന്നതോടെ ലോക്സഭയിലെ വനിതകളുടെ എണ്ണം 181 ആയി ഉയരുമെന്ന് കേന്ദ്രമന്ത്രി അർജുൻ റാം മേഘ്വാൾ പറഞ്ഞു.
ഇന്ന് ലോക്‌സഭയിലും നാളെ രാജ്യസഭയിലും വനിതാ ബില്ലിന്മേൽ ചർച്ചകൾ നടക്കും. ലോക്സഭയിലും സംസ്ഥാന അസംബ്ലികളിലും സ്ത്രീകൾക്ക് കൃത്യമായ പ്രാതിനിധ്യം ഉറപ്പാക്കുന്ന വനിതാ സംവരണ ബിൽ 128ാം ഭരണഘടനാ ഭേദഗതി ബില്ലായാണ് കേന്ദ്ര നിയമമന്ത്രി അവതരിപ്പിച്ചത്.
Discussion about this post