ഒട്ടാവ: കാനഡയിലെ ഹിന്ദുക്കൾക്ക് നേരെ ഭീഷണി മുഴക്കി ഖാലിസ്ഥാൻ ഭീകരർ. എത്രയും വേഗം ഹിന്ദുക്കൾ കാനഡവിട്ട് ഇന്ത്യയിലേക്ക് പോകണമെന്നാണ് ഖാലിസ്ഥാൻ ഭീകര സംഘടനയായ സിഖ് ഫോർ ജസ്റ്റിസിന്റെ ഭീഷണി. ഖാലിസ്ഥാൻ നേതാവ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ സർക്കറിന് പങ്കുണ്ടെന്ന തരത്തിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ നടത്തിയ പരാമർശത്തിൽ തർക്കം തുടരുകയാണ്. ഇതിനിടെയാണ് ഹിന്ദുക്കൾക്ക് നേരെ ഭീഷണിയുമായി സിഖ് ഫോർ ജസ്റ്റിസ് രംഗത്ത് എത്തിയിരിക്കുന്നത്.
വീഡിയോ സന്ദേശമാണ് സിഖ് ഫോർ ജസ്റ്റിസ് പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യക്കാരായ ഹിന്ദുക്കൾ എത്രയും വേഗം തന്നെ കാനഡ വിടണമെന്ന് ഭീഷണി സന്ദേശത്തിൽ പറയുന്നു. ഹിന്ദുക്കൾ ഇന്ത്യയെ പിന്തുണയ്ക്കുക മാത്രമല്ല മറിച്ച് ഖാലിസ്ഥാൻ സിഖുകളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമർത്തുക കൂടിയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഹിന്ദുക്കൾ ഇന്ത്യയിലേക്ക് പോകണം. എത്രയും വേഗം രാജ്യം വിടണമെന്നും ഭീകര സംഘടനയുടെ ഭീഷണി സന്ദേശത്തിൽ പറയുന്നു. സിഖ് ഫോർ ജസ്റ്റിസിന്റെ തലവൻ ഗുർപവന്ത് പന്നുൻ ആണ് ഭീഷണി സന്ദേശം പങ്കുവച്ചത്.
കഴിഞ്ഞ ദിവസമാണ് നിജ്ജാറിന്റെ കൊലപാതകവും ഇന്ത്യൻ സർക്കാരും തമ്മിൽ ബന്ധമുണ്ടെന്ന തരത്തിൽ ജസ്റ്റിൻ ട്രൂഡോ പരാമർശം നടത്തിയത്. ഇതിന് തൊട്ട് പിന്നാലെ വാദം തള്ളിയും പരാമർശത്തിൽ പ്രതിഷേധം അറിയിച്ചും ഇന്ത്യ രംഗത്ത് എത്തുകയായിരുന്നു. എന്നാൽ ഇതിന് ശേഷം ഇന്ത്യയുടെ മുതിർന്ന നയതന്ത്ര പ്രതിനിധിയെ കാനഡ പുറത്താക്കി. ഇതിന് ശക്തമായ തിരിച്ചടി നൽകി കാനഡയുടെ മുതിർന്ന നയതന്ത്ര പ്രതിനിധിയെ ഇന്ത്യയും പുറത്താക്കിയിരുന്നു.
Discussion about this post