ചണ്ഡീഗഡ് : പഞ്ചാബിലെ മുക്ത്സർ ജില്ലയിൽ ബസ് കനാലിലേക്ക് മറിഞ്ഞ് 8 യാത്രക്കാർ മരിച്ചു.
സിർഹിന്ദ് ഫീഡർ കനാലിലേക്കാണ് ബസ് മറിഞ്ഞത്. 35 പേരായിരുന്നു ബസ്സിൽ ഉണ്ടായിരുന്നത്. ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ നടന്നുവരികയാണെന്ന് പഞ്ചാബ് പോലീസ് അറിയിച്ചു.
മുക്ത്സർ-കോട്കപുര റോഡിലെ ഝബെൽവാലി ഗ്രാമത്തിന് സമീപമായിരുന്നു സംഭവം. ബ്രേക്ക് ഇട്ടപ്പോൾ ബസ് റോഡിൽ നിന്ന് തെന്നിമാറിയതിനെ തുടർന്നാണ് അപകടമുണ്ടായത്. സംഭവസമയത്ത് മഴ പെയ്തിരുന്നതായി നാട്ടുകാർ പറയുന്നു.
മുക്ത്സറിൽ നിന്ന് കോട്കപുരയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. കനാലിലെ ശക്തമായ വെള്ളത്തിന്റെ കുത്തൊഴുക്കിൽ ചില യാത്രക്കാർ ഒഴുകിപ്പോയെന്ന് കരുതപ്പെടുന്നു. അവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും രക്ഷാപ്രവർത്തനങ്ങൾ കൃത്യമായി നടക്കുന്നുണ്ടെന്നും മുക്ത്സർ ഡെപ്യൂട്ടി കമ്മീഷണർ റൂഹീ ഡഗ് അറിയിച്ചു.










