തിരുവനന്തപുരം: റോഡിൽ പൈപ്പിടാൻ എടുക്കുന്ന കുഴികൾ നികത്തുന്നതുമായി ബന്ധപ്പെട്ട് വാട്ടർ അതോറിറ്റിക്ക് കർശന നിർദ്ദേശവുമായി പൊതുമരാമത്ത് വകുപ്പ്. പൈപ്പിടാൻ എടുക്കുന്ന കുഴികൾ സമയബന്ധിതമായി മൂടണമെന്നും കൂടാതെ റോഡുകളുടെ അറ്റകുറ്റപ്പണി കൃത്യസമയത്ത് നടത്തണമെന്നും ഉൾപ്പെടെയുളള നിർദ്ദേശങ്ങളാണ് പുറത്തിറക്കിയത്. പണി നടത്തേണ്ടത് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിലാകണമെന്നും നിർദ്ദേശത്തിൽ പറയുന്നു.
ജനങ്ങളെ ദുരിതത്തിലാക്കുന്ന വിഷയങ്ങളിൽ വാട്ടർ അതോറിറ്റി പെട്ടെന്ന് നടപടികൾ സ്വീകരിക്കുന്നതിനാണ് ഉത്തരവെന്നാണ് വിശദീകരണം. അടുത്ത മാർച്ചിൽ ജൽജീവൻ പദ്ധതി പൂർത്തിയാകാനിരിക്കെയാണ് കൂടുതൽ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയത്
പരിപാലനത്തിൻ്റെ കാലാവധി നിശ്ചയിച്ചിരിക്കുന്ന റോഡുകൾ വെട്ടിപ്പൊളിക്കുകയാണെങ്കിൽ പൂർവ്വസ്ഥിതിയിലാക്കാനുള്ള തുക വാട്ടർ അതോറിറ്റി നൽകണം. റോഡ് പുനർനിർമ്മാണത്തിന് നിലവിലെ കരാറുകാരൻ തയ്യാറായില്ലെങ്കിൽ അതോറിറ്റി തന്നെ പുനർനിർമ്മിക്കണം. അതോറിറ്റിയുടെ കരാറുകാരൻ ഈ ജോലി ഏറ്റെടുക്കണം. പുനർനിർമ്മിക്കുന്ന ഭാഗത്തെ റോഡിൻ്റെ ഉത്തരവാദിത്തം പൊതുമരാമത്തു കരാറുകാരന് പിന്നീട് ഉണ്ടാകില്ല. റോഡിന് കേടുപാടുകൾ സംഭവിച്ചാൽ പരിഹരിക്കാൻ ചെലവാകുന്ന തുകയും വാട്ടർ അതോറിറ്റി നൽകണം.
പരിപാലനകാലാവധി നിശ്ചയിക്കാത്ത റോഡുകൾ വെട്ടിപ്പൊളിച്ചാൽ പുനർനിർമ്മാണം നടത്തുന്നതിന് ചെലവാകുന്ന തുക പൊതുമരാമത്തുവകുപ്പിന് വാട്ടർ അതോറിറ്റി നൽകണം. നിലവിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന റോഡാണ് കുഴിക്കേണ്ടിവരുന്നത് എങ്കിൽ അതിൻ്റെ കരാറുകാരൻ തന്നെ കുഴി മൂടി റോഡ് പൂർവ്വസ്ഥിതിലാക്കണം. ചെലവാകുന്ന തുക വാട്ടർ അതോറിറ്റി നൽകണം. കരാറുകാരൻ അതിനു തയ്യാറാകുന്നില്ലെങ്കിൽ അയാളെ ഒഴിവാക്കി പുതിയ ടെൻഡർ വിളിക്കണം എന്നും ഉത്തരവിൽ പറയുന്നു.








