ഒട്ടാവ: ഖാലിസ്ഥാനി തീവ്രവാദി ഹർദീപ് സിംഗ് നിജ്ജാറിൻ്റെ കൊലപാതകത്തിനു ശേഷം കാനഡയിൽ ഹിന്ദു സമൂഹം തുടർച്ചയായി നേരിടുന്ന ഭീഷണികളിൽ ആശങ്കയുണ്ടെന്നും സുരക്ഷിതത്വം ഉറപ്പു വരുത്തണമെന്നും ഹിന്ദു ഫോറം കാനഡ. കാനഡയുടെ പൊതുസുരക്ഷാമന്ത്രി ലെ ബ്ലാങ്കിനാണ് ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഫോറം കത്തയച്ചത്. തങ്ങളുടെ ആശയങ്ങൾ അംഗീകരിക്കാത്തവരെ ഇല്ലാതാക്കാനാണ് ഖാലിസ്ഥാനി സംഘടന ശ്രമിക്കുന്നത് എന്നും അത് എതിർക്കപ്പെടേണ്ടതാണെന്നും ഫോറം കുറ്റപ്പെടുത്തി.
നിരോധിത സംഘടനയായ സിഖ് ഫോർ ജസ്റ്റിസിൻ്റെ തലവനായ ഗുർപത്വന്ത് സിംഗ് പന്നൂൻ ഒരു വീഡിയോയിൽ ഇൻഡോ-കനേഡിയൻ ഹിന്ദുക്കളോട് കാനഡ വിട്ടുപോകണമെന്ന് ആവശ്യപ്പെട്ടിരുന്നു. അവർക്ക് കാനഡയോടും അവിടത്തെ ഭരണഘടനയോടും കൂറില്ലെന്ന് തെളിഞ്ഞിരിക്കുന്നു. അതുകൊണ്ട് കാനഡ വിട്ടുപോകണം. കാനഡയുടെ വിശ്വസ്തരാണ് ഖാലിസ്ഥാൻ അനുകൂല സിഖുകാർ. അതുകൊണ്ട് ഹിന്ദുക്കൾക്ക് അവിടെ തുടരാൻ അർഹതയില്ലെന്നായിരുന്നു പന്നൂനിൻ്റെ വീഡിയോ.
ഒരു ദശലക്ഷത്തിലധികം ഹിന്ദുക്കൾ കാനഡയിൽ താമസിക്കുന്നതിനാൽത്തന്നെ പന്നൂനിൻ്റേത് ഒരു വിദ്വേഷപ്രസംഗമായി കാണണമെന്നും ഫോറം ആവശ്യപ്പെട്ടു. വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രിയോടും എൻ ഡി പി നേതാവ് ജഗ്മീത്സിംഗിനോടും കത്തിലൂടെ അഭ്യർത്ഥിക്കുകയും ചെയ്തു. പന്നൂനിൻ്റെ ഭീഷണി ആവിഷ്കാരസ്വാതന്ത്ര്യത്തിൽ പെടുന്നതാണോ അല്ലെങ്കിൽ അബദ്ധവശാൽ വായിൽ നിന്ന് വീണ വാക്കുകളാണോ എന്ന് ഭരണകൂടം പറയണമെന്നും അവർ ആവശ്യപ്പെട്ടു. മുൻപുണ്ടായിരുന്ന ചെറിയ ഭീഷണികൾ ഇപ്പോൾ അവർ വ്യക്തമായിത്തന്നെ നേരിട്ട് പറഞ്ഞു തുടങ്ങിയിരിക്കുന്നു. അതൊന്നും വിലകുറച്ചു കാണരുതെന്നും ഫോറം പറഞ്ഞു.
ജി 20 ഉച്ചകോടിക്കിടെ കാനഡയിൽ നടക്കുന്ന ഇന്ത്യാവിരുദ്ധപ്രവർത്തനങ്ങളെക്കുറിച്ച് നരേന്ദ്രമോദി കനേഡിയൻ പ്രധാനമന്ത്രിയെ ആശങ്കകൾ അറിയിച്ചിരുന്നു. എന്നാൽ അക്രമത്തിനു തങ്ങൾ എതിരാണെന്നും എങ്കിലും അഭിപ്രായസ്വാതന്ത്ര്യത്തിനും പ്രതിഷേധത്തിനും എതിരല്ല എന്നും ജസ്റ്റിൻ ട്രൂഡോ മറുപടി നൽകിയിരുന്നു. അതിനാലാണ് പന്നൂനിൻ്റെ ഭീഷണിയും അഭിപ്രായസ്വാതന്ത്ര്യമായി കനേഡിയൻ സർക്കാർ കാണുമോ അതോ വേണ്ട നടപടികൾ സ്വീകരിക്കുമോ എന്ന് ഹിന്ദു ഫോറം കത്തിലൂടെ തങ്ങളുടെ ആശങ്ക അറിയിച്ചത്.
Discussion about this post