ന്യൂഡൽഹി: ഹിന്ദു ദൈവങ്ങളെ അവഹേളിച്ച് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. ഒരു ശക്തിയുമില്ലാത്ത കേവലം പ്രതിമകളാണ് ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങൾ എന്നായിരുന്നു രാഹുലിന്റെ ധ്വനി. വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ആയിരുന്നു രാഹുലിന്റെ പരാമർശം.
പാർലമെന്റിലെ എംപിമാർ ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങളെ പോലെയാണ്. ഒരു ശക്തിയും ഇല്ല. അധികാരവുമില്ല. വനിത സംവരണ ബില്ല് ജാതി സെൻസസിന്റെ മറ്റൊരു രൂപമാണ്. ലോക്‌സഭയിൽ ഒബിസി സംവരണം കൊണ്ടുവന്നത് ബിജെപി സർക്കാരാണെന്നാണ് അമിത് ഷായുടെ വാദം. എന്നാൽ ഇതുമായി ബന്ധപ്പെട്ട ഒരു തീരുമാനത്തിലും ബിജെപി എംപിമാർക്ക് പങ്കെടുക്കാൻ പറ്റിയിട്ടില്ല എന്നതാണ് വാസ്തവം. കോൺഗ്രസ് എംപിമാർക്കോ അല്ലെങ്കിൽ മറ്റ് എംപിമാർക്കോ ഇതിന് കഴിയില്ല. എംപിമാരെല്ലാം ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങളായി മാറുകയാണ്. ഒബിസി എംപിമാർ ക്ഷേത്രങ്ങളിലെ മൂർത്തികളാണ്. ഇവർക്ക് യാതൊരു ശക്തിയും ഇല്ല. രാജ്യത്തിന് വേണ്ടി ഒരു സംഭാവനയും ഇവർക്ക് നൽകാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. അത് എന്തുകൊണ്ടാണ് എന്നാണ് തനിക്ക് ചോദിക്കാനുള്ളതെന്നും രാഹുൽ പറഞ്ഞു.
അതേസമയം ഹിന്ദു ദൈവങ്ങളെ അവഹേളിച്ച് പരാമർശം നടത്തിയതിൽ രാഹുലിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഉയരുന്നത്. ദൈവങ്ങൾക്ക് ശക്തിയില്ലെങ്കിൽ രാഹുൽ എന്തിനാണ് ക്ഷേത്രത്തിലേക്ക് പോകുന്നത് എന്ന് ബിജെപി നേതാവ് പി. മുരളീധർ റാവു ചോദിച്ചു. രാഹുലിന്റെ ഹിന്ദു വിരുദ്ധ മനോഭാവം ഒരിക്കൽ കൂടി മറ നീക്കി പുറത്തുവന്നിരിക്കുന്നു. പരാമർശങ്ങൾ ഹിന്ദുക്കളെ അപമാനിക്കുന്നതാണ്. ഹിന്ദുക്കളുടെ വികാരങ്ങളെ അദ്ദേഹം വ്രണപ്പെടുത്തുന്നത് ആദ്യമല്ലെന്നും അദ്ദേഹം പ്രതികരിച്ചു.
Discussion about this post