മുംബൈ: ഇന്ത്യയില്‍ നിന്നുള്ള ഏറ്റവും വലിയ സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതിക്കാരായി ആപ്പിള്‍ കമ്പനി മാറി. സാംസങ്ങിനെ പിന്തള്ളിയാണ് ആപ്പിള്‍ ഈ നേട്ടം സ്വന്തമാക്കിയത്. മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ കീഴില്‍ ആപ്പിള്‍ സ്മാര്‍ട്‌ഫോണുകളുടെയും അനുബന്ധ ഉപകരണങ്ങളുടേയും നിര്‍മ്മാണം ഇന്ത്യയില്‍ തുടങ്ങിയിരുന്നു. ഇന്ന് പുറത്തിറങ്ങിയ ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോണ്‍ സീരീസിന് വന്‍ സ്വീകര്യതയാണ് ആഗോള തലത്തില്‍ ലഭിച്ചിരിക്കുന്നത്.
ഇക്കോണമിക് ടൈംസ് പുറത്തിറക്കിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ജൂണ്‍ മാസത്തിലെ ഇന്ത്യയിലെ മൊത്തം 12 മില്യണ്‍ കയറ്റുമതിയില്‍ 49 ശതമാനം വിപണി വിഹിതവും ആപ്പിളിന്റേതാണ്. 45 ശതമാനമുള്ള സാംസങ്ങിനെ പിന്തള്ളിയാണ് ആപ്പിള്‍ സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതിയില്‍ ഒന്നാമതെത്തിയത്. അതേസമയം, കഴിഞ്ഞ വര്‍ഷം എപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ വെറും 9 ശതമാനം മാത്രമായിരുന്നു ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതിയില്‍ ആപ്പിളിന്റെ സംഭാവന. അതില്‍ നിന്നാണ് ഇന്ത്യയുടെ സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതിയില്‍ പകുതിയും ആപ്പിളിന്റെ പേരിലായത്.
പ്രീമിയം സൂപ്പര്‍ പ്രീമിയം വിഭാഗത്തിലെ സ്മാര്‍ട്ട്‌ഫോണുകളുടെ കയറ്റുമതി വിപണി നേരത്തെ തന്നെ ആപ്പിള്‍ സ്വന്തമാക്കിയിരുന്നു. ഫോക്സ്‌കോണ്‍, വിസ്ട്രോണ്‍, പെഗാട്രോണ്‍ എന്നീ മൂന്ന് കരാര്‍ നിര്‍മ്മാതാക്കള്‍ക്ക് കീഴിലാണ് ആപ്പിള്‍ ഇന്ത്യയില്‍ ഐഫോണുകള്‍ നിര്‍മ്മിക്കുന്നത്. ഇന്ന് ഇന്ത്യയില്‍ പുറത്തിറക്കിയ ഐഫോണ്‍ 15 സീരീസ് ഫോണുകളുടെ നിര്‍മ്മാണവും രാജ്യത്ത് വച്ച് തന്നെയായിരുന്നു. ഇന്ത്യന്‍ വിപണി സാധ്യത കണക്കിലെടുത്ത് ഐഫോണ്‍ 14ന്റെയും അതിന് മുന്‍പുള്ളതും താഴെയുള്ളതുമായ സ്മാര്‍ട്ട് ഫോണുകളുടെ നിര്‍മ്മാണവും ഇന്ത്യയില്‍ ആപ്പിള്‍ ആരംഭിച്ചു കഴിഞ്ഞു. ഈ മൂന്ന് നിര്‍മ്മാണ പ്ലാന്റുകളും കേന്ദ്ര സര്‍ക്കാരിന്റെ പ്രൊഡക്ഷന്‍-ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) പദ്ധതിയുടെ ഭാഗമാണ്.
ഇന്ത്യയില്‍ നിന്നുള്ള ആപ്പിളിന്റെ കയറ്റുമതി വര്‍ധിച്ചതോടെ, എതിരാളികളായ ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസങ്ങിന്റെ വിപണി വിഹിതം കുത്തനെ ഇടിഞ്ഞു. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവിലെ കണക്കുകളെടുത്താല്‍ കയറ്റുമതിയില്‍ കഴിഞ്ഞ വര്‍ഷം 84 ശതമാനമായിരുന്ന സാംസങ്ങിന്റെ വിപണി വിഹിതം ഈ വര്‍ഷം 45 ആയി കുറഞ്ഞു. സാംസങ്ങിന്റെ ഏറ്റവും വലിയ നിര്‍മ്മാണ പ്ലാന്റ് വടക്കന്‍ വിയറ്റ്‌നാമിലാണ് സ്ഥിതി ചെയ്യുന്നത്. കമ്പനി മുഴുവന്‍ പ്രാധാന്യവും അവിടെ നല്‍കിയതാണ് ഇന്ത്യയില്‍ നേരിട്ട ഇടിവിന് കാരണമെന്നാണ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം, ആപ്പിള്‍ ചൈനയില്‍ നിന്നും പ്ലാന്റുകള്‍ പിന്‍വലിച്ച് ഇന്ത്യയില്‍ കൂടുതല്‍ വേരുറിപ്പിക്കുകയാണ് ചെയ്തത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഐപോഡുകളുടെ നിര്‍മ്മാണവും ഇന്ത്യയില്‍ ഉടന്‍ ആരംഭിക്കാനാണ് ആപ്പിളിന്റെ തീരുമാനം.
Discussion about this post