ന്യൂഡൽഹി: കൊല്ലപ്പെട്ട ഖാലിസ്ഥാൻ നേതാവ് ഹർദീപ് സിംഗ് നിജ്ജാർ കൊടും ക്രിമിനലെന്ന് വ്യക്തമാക്കി ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ. കൊലപാതകങ്ങൾ ഉൾപ്പെടെ നിരവധി കുറ്റകൃത്യങ്ങളിൽ നിജ്ജാറിന് പങ്കുണ്ട്. ക്ഷേത്രത്തിന്റെ അധികാരം തട്ടിയെടുക്കാൻ സഹോദരനെപോലും ആക്രമിച്ചിട്ടുണ്ടെന്നും രഹസ്യാന്വേഷണ ഏജൻസികൾ വ്യക്തമാക്കുന്നു.
മാതൃസഹോദരന്റെ മകനായ രഗ്ബീർ സിംഗ് നിജ്ജാറിനെ ഭീഷണിപ്പെടുത്തിയും ആക്രമിച്ചുമാണ് സിഖ് ക്ഷേത്രത്തിന്റെ അദ്ധ്യക്ഷ പദവി ഹർദീപ് സിംഗ് നിജ്ജാർ നേടിയെടുത്തത്. ക്ഷേത്രത്തിന്റെ അദ്ധ്യക്ഷ സ്ഥാനത്ത് തുടർന്നതിനാൽ നിജ്ജാർ ആത്മീയ നേതാവ് ആണെന്നാണ് ധാരണ. എന്നാൽ ആത്മീയ നോതവല്ല കൊടും കുറ്റവാളിയാണ് നിജ്ജാർ.
കൊടും ഭീകരനും 200 ഓളം കൊലപാതക കേസിൽ പ്രതിയുമായ ഖാലിസ്ഥാൻ കമാൻഡോ ഫോഴ്‌സ് ഭീകരൻ ഗുർദീപ് സിംഗ് എന്ന ദീപ ഹരൻവാലയുടെ സംഘത്തിലെ അംഗമായിരുന്നു നിജ്ജാർ. ഇതിൽ അംഗമായിരിക്കെ കൊലപാതകം ഉൾപ്പെടെ നിരവധി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടുവെന്നും രഹസ്യാന്വേഷണ ഏജൻസികൾ വ്യക്തമാക്കി. ഖാലിസ്ഥാനികൾക്കെതിരെ രാജ്യത്ത് നടപടി ശക്തമാക്കിയതോടെ നിജ്ജാർ രാജ്യം വിടുകയായിരുന്നു.
ഇന്ത്യയെക്കുറിച്ച് അന്താരാഷ്ട്ര സമൂഹത്തിന് മുൻപിൽ തെറ്റിദ്ധാരണ പടർത്താൻ നിജ്ജാറിനെ മാന്യനും ആത്മീയ നേതാവുമായി ചിത്രീകരിക്കുന്ന തരത്തിലുള്ള പ്രചാരണമാണ് കാനഡയിലെ രഹസ്യാന്വേഷണ ഏജൻസികൾ നടത്തുന്നത്. ഇതിനിടെയാണ് യാഥാർത്ഥ്യം വ്യക്തമാക്കി ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ രംഗത്ത് എത്തിയത്.
Discussion about this post