ന്യൂഡൽഹി: ഡൽഹി സർവ്വകലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ എബിവിപിക്ക് തിളക്കമാർന്ന വിജയം. നാല് പ്രധാന സ്ഥാനങ്ങളിൽ മൂന്നെണ്ണത്തിലും എബിവിപിയാണ് വിജയിച്ചത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എൻഎസ്‌യുവിന്റെ സ്ഥാനാർത്ഥിയും വിജയിച്ചു.
എബിവിപിയുടെ തുഷാർ ദെദ്ദയാണ് സർവ്വകലാശാല യൂണിയൻ പ്രസിഡന്റ്, സെക്രട്ടറിയായി അപരാജിതയും ജോയിന്റ് സെക്രട്ടറിയായി സച്ചിൻ ബെയ്‌സലയും വിജയിച്ചു. ഇടത് വിദ്യാർത്ഥി സംഘടനകളായ ഐസയുടെയും എസ്എഫ്‌ഐയുടെയും പ്രതിനിധികളും മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. 24 സ്ഥാനാർത്ഥികളായിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്.
കേന്ദ്രമന്ത്രിമാരടക്കം വിജയിച്ച എബിവിപി പ്രവർത്തകരെ അഭിനന്ദിച്ച് രംഗത്തെത്തി. തിരഞ്ഞെടുപ്പിന്റെ ഭാഗമായ എല്ലാ വിദ്യാർത്ഥികൾക്കും എബിവിപി നേതൃത്വം നന്ദി പറഞ്ഞു. വിദ്യാർത്ഥികളുടെ താൽപര്യത്തിനായി വിശ്രമരഹിതമായി ജോലിയെടുക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും സംഘടന സമൂഹമാദ്ധ്യമങ്ങളിലൂടെ വ്യക്തമാക്കി.
എൻഎസ്‌യുഐ പ്രതിനിധി അഭി ദാഹിയ ആണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വിജയിച്ചത്. 2019 ന് ശേഷം ആദ്യമായിട്ടാണ് സർവ്വകലാശാല യൂണിയനിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്. 2020 ലും 21 ലും കോവിഡ് മൂലം തടസപ്പെട്ടപ്പോൾ കഴിഞ്ഞ വർഷം അക്കാദമിക കലണ്ടറിലെ താളപ്പിഴകൾ കാരണം തിരഞ്ഞെടുപ്പ് നടന്നില്ല.
ഡൽഹി യൂണിവേഴ്‌സിറ്റിക്ക് കീഴിലുളള 52 കോളജുകളിലെ വിദ്യാർത്ഥി പ്രതിനിധികളും വിവിധ ഡിപ്പാർട്ട്‌മെന്റ് പ്രതിനിധികളും ചേർന്നാണ് സെൻട്രൽ പാനലിനെ തിരഞ്ഞെടുക്കുന്നത്.
Discussion about this post