ഛണ്ഡീഗഡ്: പഞ്ചാബിൽ ലഹരിയുമായി എത്തിയ പാക് ഡ്രോൺ കണ്ടെത്തി ബിഎസ്എഫ്. അമൃത്സറിലാണ് ഡ്രോൺ എത്തിയത്. ഇതിൽ നിന്നും അര കിലോ ഹെറോയിൻ പിടിച്ചെടുത്തു.
അതിർത്തി കടന്ന് ഡ്രോൺ വഴി പാകിസ്താനിൽ നിന്നും ലഹരി എത്തുന്നത് പതിവായതോടെ കർശന പരിശോധനയാണ് അതിർത്തിയിൽ തുടരുന്നത്. ഇതിനിടെയായിരുന്നു ഡ്രോൺ കണ്ടത്. മേവാ മേഖലയിൽ ആയിരുന്നു ഡ്രോൺ എത്തിയത്. തുടർന്ന് ഡ്രോൺ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ പാക് ഡ്രോൺ ആണെന്ന് കണ്ടെത്തി. ഇതിൽ നിന്നും പൊതിഞ്ഞു സൂക്ഷിച്ച ഹെറോയിനും പിടിച്ചെടുക്കുകയായിരുന്നു.
ഡിജെഐ മാവിക് 3 ക്ലാസിക് ഖ്വാഡ് കോപ്റ്ററാണ് കണ്ടെത്തിയത് എന്നാണ് ബിഎസ്എഫ് അറിയിക്കുന്നത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ സ്ഥലത്ത് കൂടുതൽ പരിശോധന നടത്തി. പ്രദേശത്ത് സുരക്ഷ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം താൻ തരൺ ജില്ലയിൽ നിന്നും സമാനമായ രീതിയിൽ ലഹരി പിടികൂടിയിരുന്നു. രജോക്ക് ഗ്രാമത്തിലെ വയലിൽ നിന്നായിരുന്നു ലഹരി പിടിച്ചെടുത്തത്. ഇതുമായി ബന്ധപ്പെട്ടുള്ള അന്വേഷണം പുരോഗമിക്കുകയായിരുന്നു. ഇതിനിടെയാണ് വീണ്ടും ലഹരിയുമായി പാകിസ്താനിൽ നിന്നും ഡ്രോൺ എത്തിയത്.
Discussion about this post