മന്ത്രി മുഹമ്മദ് റിയാസ് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് ആണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നത്. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അപൂർവ്വനിമിഷം എന്ന് പറഞ്ഞുകൊണ്ട് തുടങ്ങുന്ന പോസ്റ്റ് വർഷത്തിൽ രണ്ട് തവണ സംഭവിക്കുന്ന വിഷുവത്തെക്കുറിച്ചാണ് വ്യക്തമാക്കുന്നത്. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഗോപുരത്തിന്റെ ജാലകത്തിലൂടെ സൂര്യൻ നേർരേഖയിൽ തുടർച്ചയായി പ്രത്യക്ഷപ്പെടുന്ന കാഴ്ചയെ കുറിച്ചാണ് മുഹമ്മദ് റിയാസിന്റെ പോസ്റ്റ്.
സൂര്യൻ ഖഗോളമദ്ധ്യരേഖ കടന്നു പോകുന്ന ജ്യോതിശാസ്ത്ര സംബന്ധിയായ പ്രതിഭാസത്തിനെയാണ് വിഷുവം എന്നു പറയുന്നത്. സാധാരണഗതിയിൽ ഇത് മാർച്ച് 20നും സെപ്റ്റംബർ 23നുമായി വർഷത്തിൽ രണ്ട് തവണയാണ് സംഭവിക്കാറുള്ളത് ഈ ദിവസങ്ങളിൽ പകലിനും രാത്രിക്കും ഏകദേശം തുല്യ ദൈർഘ്യം ആയിരിക്കും ഉണ്ടായിരിക്കുക. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഗോപുര ജാലകങ്ങളിലൂടെയുള്ള വിഷുവം ദർശനം വളരെ പ്രശസ്തമാണ്. നിരവധി പേരാണ് അന്നേദിവസം ഈ അതുല്യമായ കാഴ്ചകാണാനായി പത്മനാഭ സന്നിധിയിലേക്ക് എത്താറുള്ളത്. പത്മനാഭസ്വാമി ക്ഷേത്രത്തിലെ അതിശയകരമായ ഈ വിഷുവം ദർശനത്തെക്കുറിച്ച് ദേശീയ മാധ്യമങ്ങളടക്കം വാർത്ത നൽകിയിരുന്നു. ഇപ്പോൾ കേരളത്തിന്റെ ടൂറിസം മന്ത്രി കൂടിയായ മുഹമ്മദ് റിയാസും ഈ കാഴ്ച പങ്കുവെച്ചിരിക്കുകയാണ്.
പി എ മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം,
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അപൂർവ്വനിമിഷം!
സെപ്തംബർ 23 ന് ക്ഷേത്ര ഗോപുരത്തിന്റെ ജാലകങ്ങളിൽ സൂര്യൻ തുടർച്ചയായി പ്രത്യക്ഷപ്പെട്ടു. വർഷത്തിൽ രണ്ടു തവണ മാത്രം സംഭവിക്കുന്ന ഈ പ്രതിഭാസത്തെ വിഷുവം എന്നാണ് വിശേഷിപ്പിക്കുന്നത്. നമ്മുടെ പുരാതന വാസ്തുവിദ്യ വിദഗ്ധരുടെ കഴിവുകളുടെ സാക്ഷ്യമാണിത്.












