ന്യൂഡൽഹി: സുപ്രീം കോടതിയിൽ ആംഗ്യഭാഷയിൽ കേസ് വാദിച്ച് വനിതാ അഭിഭാഷക. യുവ അഭിഭാഷക സാറാ സണ്ണിയാണ് സുപ്രീം കോടതിയിൽ ആദ്യമായി ആംഗ്യഭാഷയിൽ കേസ് വാദിച്ചത്. അഭിഭാഷകയ്ക്ക് സംസാര, കേൾവി പരിമിതിയുള്ളതിനാൽ മൊഴിമാറ്റാൻ ഒരു സഹായിയെ വെച്ചായിരുന്നു വാദം നടന്നത്. ആംഗ്യഭാഷ വിദഗ്ധനായ സൗരവ് റോയ് ചൗധരിയാണ് സാറാ സണ്ണിക്ക് വേണ്ടി മൊഴിമാറ്റം നടത്തിയത്.
ഓൺലൈൻ വഴി ആയിരുന്നു കേസിൽ വാദം കേട്ടത്. അഭിഭാഷകയ്ക്കൊപ്പം പങ്കെടുക്കാൻ വ്യാഖ്യാതാവിനെ ആദ്യം അനുവദിച്ചിരുന്നില്ല. എന്നാൽ വ്യാഖ്യാതാവിന് പങ്കെടുക്കുന്നതിൽ പ്രശ്‌നങ്ങളില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞിരുന്നു. പിന്നീട് ഇരുവരും ഒന്നിച്ചു സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുക ആയിരുന്നു. മൊഴിമാറ്റത്തിൽ ഉള്ള വേഗതയെ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഉൾപ്പെടെ ഉള്ളവർ അഭിനന്ദിച്ചു.
രാജ്യത്തെ കോടതികൾ ഭിന്നശേഷിക്കാരായ അഭിഭാഷകരെയും ഉൾക്കൊള്ളണമെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് നേരത്തെ പറഞ്ഞിരുന്നു. ചീഫ് ജസ്റ്റിസിന്റെ തീരുമാനം നമുക്ക് മാതൃകയാണ്. കോടതിയിൽ ഭിന്നശേഷിക്കാരെ കൂടി അദ്ദേഹം പരിഗണിച്ചു. സുപ്രീം കോടതിയുടെ നടപടിക്രമങ്ങൾ അഭിഭാഷക സഞ്ജിതയാണ് പറഞ്ഞുതന്നത് . ഭിന്നശേഷിക്കാർ പിന്നിലല്ല എന്ന് തെളിയിക്കാൻ സാധിച്ചുവെന്നും സാറ സണ്ണി പറഞ്ഞു.
Discussion about this post